കോൺഗ്രസ് വിട്ട് ആപ്പിലേക്ക്, നേരം വെളുക്കും മുൻപ് തിരിച്ച് കോൺഗ്രസിൽ, തെറ്റ് പറ്റിയെന്ന് അലി മെഹ്ദി
ദില്ലി: കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി ദില്ലിയിലെ നേതാവ്. ദില്ലി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് അലി മെഹ്ദിക്കാണ് പാര്‍ട്ടി വിട്ട് രാത്രി പുലരും മുന്‍പേ ബോധോധയമുണ്ടായത്. പുലര്‍ച്ചെ 1.25ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആണ് തനിക്ക് തെറ്റ് പറ്റിയെന്നും ക്ഷമിക്കണം എന്നും വ്യക്തമാക്കി അലി മെഹ്ദി രംഗത്ത് വന്നത്.
അലി മെഹ്ദിക്ക് ഒപ്പം അടുത്തിടെ നടന്ന ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍മാരായ സബില ബീഗം, നസിയ ഖതൂന്‍ എന്നിവരും പാര്‍ട്ടി വിട്ട് ആം ആദ്മിക്കൊപ്പം ചേര്‍ന്നിരുന്നു. സബില ബീഗം മുസ്തഫ നഗറില്‍ നിന്നും നസിയ ഖതൂന്‍ ബ്രിജ്പൂരിയില്‍ നിന്നുമുളള കൗണ്‍സിലര്‍മാരാണ്. ഇവരും തനിക്കൊപ്പം കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ച് വന്നിരിക്കുകയാണ് എന്നും അലി മെഹ്ദി വീഡിയോയില്‍ പറയുന്നു.

കൈ കൂപ്പിക്കൊണ്ടാണ് വീഡിയോയില്‍ മെഹ്ദി മാപ്പ് പറയുന്നത്. ഞാനൊരു വലിയ തെറ്റാണ് ചെയ്തത്. എന്റെ അച്ഛന്‍ കോണ്‍ഗ്രസിന് വേണ്ടി നാല്‍പത് വര്‍ഷം പ്രവര്‍ത്തിച്ചയാളാണ്, അലി മെഹ്ദി പറഞ്ഞു. മറ്റ് രണ്ട് കൗണ്‍സിലര്‍മാരോടും സമാന വീഡിയോ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഹ്ദി പറഞ്ഞു. താന്‍ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തകനാണ് എന്നും വീഡിയോയില്‍ മെഹ്ദി പറയുന്നു. ബ്രിജ്പൂരി കൗണ്‍സിലര്‍ നസിയ ഖതൂനും, മുസ്തഫാബാദ് കൗണ്‍സിലര്‍ ഷബില ബീഗവും 300 വോട്ടിന് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട തങ്ങളുടെ ബ്ലോക്ക് പ്രസിഡണ്ട് അലീം അന്‍സാരിയും അന്നും ഇന്നും എന്നും രാഹുല്‍ജിയുടേയും പ്രിയങ്കാ ജിയുടേയും സേവകരായി തുടരും. രാഹുല്‍ ജി സിന്ദാബാദ് എന്നും വീഡിയോയില്‍ അലി മെഹ്ദി പറയുന്നു.
വീഡിയോയില്‍ മറ്റ് ചില നേതാക്കളും അലി മെഹ്ദിക്ക് ഒപ്പമുണ്ട്. തങ്ങളെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ സമീപിച്ചിരുന്നുവെന്ന് ഇവര്‍ പറയുന്നു. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ടതില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് വലിയ വിമര്‍ശനം അലി മെഹ്ദി നേരിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ തലവന്‍ മനു ജെയ്ന്‍ പാമ്പ് എന്നാണ് അലി മെഹ്ദിയെ വിളിച്ചത്. കൂറുമാറാന്‍ എത്ര പണം വാങ്ങി എന്നും മനു ജെയ്ന്‍ ചോദിച്ചിരുന്നു. അലി മെഹ്ദി അടക്കമുളള നേതാക്കളെ കബളിപ്പിച്ച് ആപ്പിലേക്ക് കൊണ്ട് പോയതാണ് എന്നും മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ഇവര്‍ മനം മാറി തിരിച്ച് വന്നുവെന്നും കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപഗാര്‍ഹി പ്രതികരിച്ചു.












Click it and Unblock the Notifications