കിരണ്‍ ബേദിയെചൊല്ലി ബിജെപിയില്‍ തര്‍ക്കം
ദില്ലി: മുന്‍ ഐ പി എസ് ഓഫീസറും പൊതുപ്രവര്‍ത്തകയുമായ കിരണ്‍ ബേദിയെച്ചൊല്ലി ബി ജെ പി നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. നിതിന്‍ ഗഡ്കരി അടക്കമുള്ള നേതാക്കള്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പാര്‍ട്ടിയിലെ മറ്റൊരു വിഭാഗത്തെ ചോടിപ്പിച്ചിരിക്കുന്നത്. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് കിരണ്‍ ബേദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബി ജെ പിയില്‍ പ്രാഥമിക അംഗത്വം പോലും എടുക്കുന്നതിന് മുമ്പേ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കിരണ്‍ ബേദിയുടെ പേര് നിര്‍ദേശിക്കപ്പെട്ടതാണ് എതിര്‍പ്പുകള്‍ക്ക് ഒരു കാരണം. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരനായികയായ കിരണ്‍ ബേദി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. കെജ്രിവാള്‍ ഉയര്‍ന്ന് വന്ന അണ്ണാ ക്യാംപിലെ മറ്റൊരംഗം എന്നതാണ് കിരണ്‍ ബേദിയില്‍ ഒരു വിഭാഗം ബി ജെ പി നേതാക്കള്‍ കാണുന്ന പ്രത്യേകത.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് ശേഷം മാത്രമാണ് കിരണ്‍ ബേദി ബി ജെ പിയില്‍ താല്‍പര്യം പ്രകടിപ്പിച്ചത് എന്നാണ് ബേദിയെ മുഖ്യമന്ത്രിയാക്കുന്നതിനോട് എതിര്‍പ്പുള്ളവര്‍ പറയുന്നത്. മോദിയെ പരസ്യമായി അനുകൂലിച്ചിരുന്നെങ്കിലും കിരണ്‍ ബേദി ബി ജെ പിയ്ക്ക് വേണ്ടി പ്രചാരണത്തിനോ പ്രവര്‍ത്തനത്തിനോ എത്തിയില്ല. എന്നാല്‍ ബേദി പാര്‍ട്ടിയില്‍ വരുന്നതിനോട് ആര്‍ക്കും എതിര്‍പ്പില്ല.
കിരണ്‍ ബേദി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്ന കാര്യം പാര്‍ട്ടിയില്‍ ഒരു വിഷയമേ അല്ലെന്നാണ് ഡോ ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞത്. കഴിഞ്ഞ തവണ ഡോ ഹര്‍ഷവര്‍ദ്ധനനായിരുന്നു ദില്ലിയിലെ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ് ദില്ലിയിലെ ബി ജെ പി നേതാക്കളില്‍ പലര്‍ക്കും ഉള്ളത്. നിലവില്‍ 70 അംഗ ദില്ലി സഭയില്‍ ബി ജെ പിക്ക് 32 അംഗങ്ങളുണ്ട്.












Click it and Unblock the Notifications