ആ വാക്കുകള്‍ ഞങ്ങള്‍ക്കെതിരെ ഉപയോഗിച്ചു, രാഹുല്‍ തടഞ്ഞില്ല, കോണ്‍ഗ്രസ് മാറണം, വിടാതെ സിബല്‍!!
ദില്ലി: രാഹുല്‍ ഗാന്ധി സീനിയര്‍ നേതാക്കള്‍ക്കെതിരെ വേട്ടയാടല്‍ തുടങ്ങിയ സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് കപില്‍ സിബല്‍. കോണ്‍ഗ്രസ് മാറേണ്ടത് അത്യാവശ്യമാണെന്നും, കോണ്‍ഗ്രസ് ഏറ്റവും താഴെ തട്ടിലാണ് ഉള്ളതെന്നും സിബല്‍ പറഞ്ഞു. കത്തയച്ചവര്‍ക്കെതിരെ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്നും സിബല്‍ പറയുന്നു. അതേസമയം ടീം രാഹുലിനുള്ള പരസ്യമായ മുന്നറിയിപ്പ് കൂടിയാണ് സിബല്‍ നല്‍കുന്നത്. രാഹുലിനെ പാര്‍ട്ടിയെ നയിക്കാനാവില്ലെന്ന അഭിപ്രായം ഇവര്‍ക്കിടയിലുണ്ട്.

വളരെ മോശം അവസ്ഥയില്‍
കോണ്‍ഗ്രസ് ഏറ്റവും മോശം അവസ്ഥയിലാണ് ഉള്ളത്. അതാണ് കത്തില്‍ ഞങ്ങള്‍ പറഞ്ഞത്. ഈ അവസരത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവന്നില്ലെങ്കില്‍ പിന്നെപ്പോഴാണ്. ആ മാറ്റത്തില്‍ ഞങ്ങള്‍ക്കും ഭാഗമാകണം. ആ കത്ത് ആരും വായിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ഗാന്ധി കുടുംബത്തെ ഞങ്ങളൊന്നും പറഞ്ഞിട്ടില്ലെന്ന് മനസ്സിലാവും. അവരുടെ നേതൃത്വത്തെ ഇപ്പോഴും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ മാറ്റമില്ലാതെ കോണ്‍ഗ്രസ് ഇനി നിലനില്‍ക്കില്ല.

അതൊന്നും പാര്‍ട്ടിയിലില്ല
കോണ്‍ഗ്രസിന്റെ ഭരണഘടനയെ പറ്റി എനിക്ക് നന്നായി അറിയാം. പല നേതാക്കളും അതെന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ ഇപ്പോള്‍ ഇല്ലാതായ പല ഘടനകളെ കുറിച്ചാണ് ഞങ്ങള്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതി അത്തരം ഘടകങ്ങള്‍ ചേര്‍ന്നതായിരുന്നു. അതാണ് പുനസ്ഥാപിക്കണം. അത് കോണ്‍ഗ്രസ് ഭരണഘടനയുമായി ചേര്‍ന്നതാണ്. പല കമ്മിറ്റികളിലും തിരഞ്ഞെടുപ്പ് നടന്നിട്ട് വര്‍ഷങ്ങളായിരുന്നു. ആ നേതാക്കളൊക്കെ മാറിയവര്‍ പുതിയവര്‍ വരണമെന്ന് സിബല്‍ നേരത്തെ തന്നെ കത്തില്‍ സൂചിപ്പിച്ചിരുന്നു.

ഞങ്ങളെ അവര്‍ വിളിച്ചത്
കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നടന്ന കാര്യങ്ങള്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ്. നിരാശയുണ്ട്. ഞങ്ങളെ ചതിയന്‍മാര്‍, രാജ്യദ്രോഹികള്‍ എന്നൊക്കെയാണ് വിളിച്ചത്. ദുരുദേശ്യത്തോടെയുള്ള കത്താണെന്ന് വരെ പറഞ്ഞു. ഈ കത്ത് പാര്‍ട്ടിയിലെ എല്ലാ നേതാക്കള്‍ക്കും ലഭിക്കേണ്ടതായിരുന്നു. അതിലൂടെ മാത്രമേ എന്താണ് നടന്നതെന്ന് അവര്‍ക്ക് മനസ്സിലാവൂ. മോശമായ ഒരു പദം പോലും ആ കത്തില്‍ ഇല്ല. എന്നിട്ടും വളരെ തരം താണ പ്രയോഗങ്ങളാണ് നേതാക്കള്‍ നടത്തിയത്. ഇതൊക്കെ കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചതില്‍ അദ്ഭുതം തോന്നുന്നു. എന്തുകൊണ്ട് ഇവരെ പ്രമുഖ നേതാക്കളൊന്നും തടഞ്ഞില്ലെന്ന് സിബല്‍ ചോദിക്കുന്നു.

കാര്യം കാണാന്‍ നടക്കുന്നവര്‍
ജിതിന്‍ പ്രസാദയ്‌ക്കെതിരെ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് ഗുരുതരമാണ്. കാര്യം കാണാന്‍ കൂടെ നടക്കുന്നവരുടെ ഒരു സംഘമാണ് ഇതിന് പിന്നിലുള്ളത്. സീനിയര്‍ നേതാക്കളുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. കോണ്‍ഗ്രസിന്റെ നന്മയ്ക്കും ആശയങ്ങള്‍ക്കും വേണ്ടി ഇത്രയും കാലം കൂടെ നിന്നവരുടെ ഊര്‍ജത്തെ ഇല്ലാതാക്കുന്ന സംഭവമാണിത്. സ്വന്തം നേതാക്കളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നടത്തുന്ന ഒരു കൂട്ടമാണ് ഇത്തരമൊരു കാര്യങ്ങളൊക്കെ ചെയ്യുന്നതെന്ന് സിബല്‍ കുറ്റപ്പെടുത്തി.

സോണിയ പ്രതികരിക്കണം
ഞങ്ങള്‍ക്ക് ഈ കത്ത് കൊണ്ട് ഒന്നും നേടാനില്ല. പാര്‍ട്ടി മാത്രമാണ് വളരേണ്ടത്. ഞങ്ങള്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. 23 നേതാക്കളും ഒറ്റക്കെട്ടാണ്. ഞങ്ങള്‍ പറഞ്ഞ കാര്യത്തില്‍ ഗാന്ധി കുടുംബം ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷ. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഞങ്ങളെല്ലാം സജീവ രാഷ്ട്രീയ പ്രവര്‍ത്തകരാണ്. കോണ്‍ഗ്രസിന്റെ ഭാവി പദ്ധതികള്‍ എന്തൊക്കെയാണെന്ന് ഗാന്ധി കുടുംബം ഞങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷയെന്നും സിബല്‍ പറഞ്ഞു.

രാഹുല്‍ കലിപ്പില്‍
രാഹുല്‍ കത്തയച്ചതില്‍ ഒട്ടും താല്‍പര്യമില്ലാത്ത നേതാവാണ്. സോണിയ ഇത് വായിച്ചതില്‍ അല്ല, തന്റെ ഭാവി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്ന് രാഹുല്‍ തന്റെ ടീമിനോട് പറഞ്ഞിരിക്കുകയാണ്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തോല്‍വിക്ക് ശേഷവും ഇതേ നേതാക്കളെയാണ് രാഹുല്‍ ടാര്‍ഗറ്റ് ചെയ്തത്. ഇവര്‍ രാഹുല്‍ എടുത്ത തീരുമാനങ്ങളിലെ പിഴവുകള്‍ എടുത്ത് കാണിച്ചിരുന്നു. മോദിയെ എപ്പോഴൊക്കെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോണ്‍ഗ്രസ് വോട്ടുബാങ്ക് നെഗറ്റീവിലേക്ക് പോവുന്നതും ഇവര്‍ രാഹുലിന് മുന്നില്‍ ഉയര്‍ത്തിരുന്നു. പ്രശ്‌നം തന്റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമമെന്ന് രാഹുല്‍ ഇവരെ വിമര്‍ശിക്കുന്നു.

നഷ്ടം സീനിയേഴ്‌സിന്
കത്തയച്ചവര്‍ക്ക് ഇപ്പോഴേ നഷ്ടം തുടങ്ങി കഴിഞ്ഞു. ശശി തരൂരും ആനന്ദ് ശര്‍മയും മനീഷ് തിവാരിയും പാര്‍ട്ടിയില്‍ പല പദവികളും പ്രതീക്ഷിച്ചിരുന്നു. അതൊക്കെ ഇല്ലാതായിരിക്കുകയാണ്. ഇവരുടെ സുഹൃത്തുക്കള്‍ പോലും ഗാന്ധി കുടുംബത്തിന് വേണ്ടി ഈ നേതാക്കളെ തള്ളിപ്പറഞ്ഞു. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞ പല കാര്യങ്ങളും മറക്കുന്നുവെന്നാണ് പാര്‍ട്ടിയിലെ പൊതുവെയുള്ള വിമര്‍ശനം. ഗാന്ധി കുടുംബത്തിന് വേണ്ടിയല്ല, ജനാധിപത്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന വാദമാണ് സീനിയര്‍ നേതാക്കള്‍ ഉന്നയിക്കുന്നത്. റോബര്‍ട്ട് വദ്രയുടെ അഴിമതി വരെ പ്രിയങ്കയ്ക്ക് വേണ്ടി പാര്‍ട്ടി ചുമക്കുകയാണെന്നും കുറ്റപ്പെടുത്തലുണ്ട്.