ദാരിദ്ര്യം സഹിക്കാന്‍ വയ്യാതെ സ്ഥാനാര്‍ഥിയായി
ദില്ലി: തലക്കെട്ട് കണ്ട് അത്ഭുതം കൂറേണ്ട കാര്യമില്ല. സംഗതി സത്യമാണ്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഈശ്വരിക്ക് അക്ഷരാര്‍ഥത്തില്‍ കഞ്ഞിക്ക് വകയില്ല. നാല് കുട്ടികളുടെ അമ്മയായ ഈശ്വരിക്ക് അവരെയും കൊണ്ട് കിടന്നുറങ്ങാന്‍ ഉളള ടാര്‍പോളിന്‍ ടെന്റില്‍ സ്ഥലം തികയുന്നില്ല. കോടിക്കോടി രൂപയുടെ ആസ്തിയെന്ന് കൂടെ മത്സരിക്കുന്നവര്‍ കോളങ്ങളില്‍ എഴുതുമ്പോള്‍ അത്ഭുതം കൊണ്ട് കണ്ണുമിഴിക്കുകയാണ് ഈ മുപ്പതുകാരി.
തമിഴ് നടന്‍ വിജയകാന്തിന്റെ ഡി എം ഡി കെയാണ് ഈശ്വരിയെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. വാസിര്‍പൂര്‍ ജെ ജെ കോളനിയാണ് ഈശ്വരിയുടെ തട്ടകം. സേലത്ത് നിന്നും 20 വര്‍ഷം മുന്‍പ് ദില്ലിയിലേക്ക് കുടിയേറിയതാണ് ഈശ്വരിയുടെ കുടുംബം. തമിഴര്‍ ഏറെയുള്ള വാസിര്‍പൂരില്‍ തനിക്ക് ജയസാധ്യതകളുണ്ട് എന്നാണ് ഈശ്വരിയും ഡി എം ഡി കെയും വിശ്വസിക്കുന്നത്.

11,000 രൂപയാണ് ഈശ്വരിയുടെ ആകെയുള്ള സമ്പാദ്യം. ആയിരങ്ങള്‍ക്കപ്പുറം പൈസ എണ്ണുന്നത് പോയിട്ട് ചിന്തിക്കാന്‍ പോലും തനിക്കാവില്ലെന്നന്നും ഈ സ്ഥാനാര്‍ഥി പറയുന്നു. ചേരിനിവാസികള്‍ക്ക് ഫ്ലാറ്റ് കെട്ടിക്കൊടുക്കും എന്ന സര്‍ക്കാര്‍ വാഗ്ദാനം കേട്ട് മടുത്താണ് എന്നാല്‍ പിന്നെ ഒരു കൈ നോക്കിക്കളയാം എന്ന ചിന്തയുമായി ഈശ്വരി 100 രൂപയുടെ അപേക്ഷാ ഫോം വാങ്ങി സ്ഥാനാര്‍ഥിയായത്.
കാര്‍ മെക്കാനിക്കാണ് ഈശ്വരിയുടെ ഭര്‍ത്താവ് ശെല്‍വം. ശെല്‍വത്തിന്റെ അധ്വാനം കൊണ്ട് നല്ലൊരു വീട് പോലും ഉണ്ടാക്കാന്‍ ഈ കുടുംബത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാദ്യമായാണ് ഡി എം ഡി കെ ദില്ലി നിയമ സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. 11 മണ്ഡലങ്ങളില്‍ ഇത്തവണ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. തലസ്ഥാന നഗരത്തില്‍ കുടിയേറിയിട്ടുള്ള 15 ലക്ഷത്തിലധിം തമിഴരാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.












Click it and Unblock the Notifications