കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കിയത് 11 പോയിന്റുകള്‍, അയച്ചത് 2 കത്ത്, ലക്ഷ്യമിട്ടത് ടീം രാഹുല്‍!!
ദില്ലി: സോണിയാ ഗാന്ധിക്ക് കത്തയച്ചതിന്റെ പ്രശ്‌നങ്ങള്‍ സംസ്ഥാന ഘടകങ്ങളിലേക്കും നീളുന്നു. എന്നാല്‍ ഈ കത്തില്‍ എന്താണ് ഉള്ളത്. രാഹുല്‍ ഗാന്ധിയേക്കാള്‍ അദ്ദേഹത്തിന്റെ ടീമിനെയാണ് ഈ കത്തിലൂടെ ലക്ഷ്യമിട്ടത്. സീനിയര്‍ നിരയിലെ പോലെ രാഹുലിന്റെ ടീമിലും ഒരാവശ്യവുമില്ലാതെ തുടരുന്നുവരുണ്ട്. ഇവരെ പുറത്താക്കുകയായിരുന്നു ഈ കത്തിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ ഈ കത്ത് എഴുതിയവര്‍ക്ക് തന്നെ വലിയ പ്രശ്‌നമാണ് ഇതിലൂടെ വന്നത്. കോണ്‍ഗ്രസില്‍ വലിയൊരു പിളര്‍പ്പുണ്ടാകുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

11 നിര്‍ദേശങ്ങള്‍
11 പോയിന്റുള്ള അജണ്ടകളാണ് നേതാക്കള്‍ സോണിയക്ക് മുന്നില്‍ വെച്ചത്. 14 മാസമായിട്ടും പാര്‍ട്ടി തോല്‍വിയുടെ കാരണം പരിശോധിക്കാത്തത് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. ടീം രാഹുലാണ് തോല്‍വിയുടെ കാരണമെന്ന് പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് സമ്മതിക്കേണ്ടി വരും. രാഹുലിന്റെ ചൗക്കീദാര്‍ ചോര്‍ ഹെ വലിയ തിരിച്ചടിയായെന്നും പറയേണ്ടി വരും. ഈ പോയിന്റില്‍ തന്നെ രാഹുല്‍ കത്തെഴുതിയവരുമായി ഉടക്കിയിരുന്നു. പിന്നീടുള്ള ഓരോ നീക്കങ്ങളും ഇവരെ അടിച്ചമര്‍ത്തുന്ന എന്ന നയത്തില്‍ കേന്ദ്രീകരിച്ചായിരുന്നു.

7 മാസം മുമ്പ്....
കോണ്‍ഗ്രസില്‍ മാറ്റം വേണമെന്നുള്ള നേതാക്കളെ മാസങ്ങള്‍ കൊണ്ടാണ് കണ്ടെത്തിയത്. ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ എന്നിവരുടെ വീടുകളിലായിട്ടായിരുന്നു ചര്‍ച്ചകള്‍ നടന്നത്. ജനുവരിയില്‍ തന്നെ ഇവര്‍ കത്ത് തയ്യാറാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. മാര്‍ച്ചില്‍ നീക്കങ്ങള്‍ സജീവമായി. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടത് എല്ലാവരെയും ഒരുപോലെ മാറ്റുകയായിരുന്നു. ഇതാണ് ഇപ്പോഴുള്ള കത്ത് പ്രതിഷേധ രൂപത്തില്‍ എത്താന്‍ കാരണം.

ഞങ്ങളെ യമുനയിലെറിയണം
സീനിയര്‍ നേതാക്കള്‍ക്കെതിരെ മുന്‍ധാരണകള്‍ വെച്ചുള്ള എതിര്‍പ്പാണ് രാഹുലിന് ഉണ്ടായിരുന്നത്. സോണിയാ ഗാന്ധിയോട് അടുപ്പം പുലര്‍ത്തുന്നു എന്നായിരുന്നു രാഹുലിന്റെ പ്രധാന ആരോപണം. രാഹുലിനെ സീനിയര്‍ നേതാക്കള്‍ യമുനയിലേക്ക് വലിച്ചെറിയണമെന്നാണ് ആഗ്രഹമെന്ന് കത്തെഴുതിയ നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു. ഇവര്‍ സോണിയ നിരവധി തവണ ഇക്കാര്യം ബോധിപ്പിക്കാനായി കൂടിക്കാഴ്ച്ചയ്ക്ക് സമയം ചോദിച്ചിരുന്നു. എന്നാല്‍ സോണിയ അനുവദിച്ചില്ല. അതോടെയാണ് കത്ത് പുറത്തുവരുന്നത്.

അഞ്ച് മാസം രഹസ്യമായി
കത്ത് അഞ്ച് മാസത്തോളം അണിയറയില്‍ രഹസ്യമായി ഉണ്ടായിരുന്നു. ഒരാള്‍ക്ക് പോലും ഇതിന്റെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഓരോ നേതാക്കളെയും ഇത് വായിച്ച് കേള്‍പ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ട് കോണ്‍ഗ്രസിലെ ഒരാള്‍ പോലും ഈ കത്തിനെ കുറിച്ച് അറിഞ്ഞില്ല. ജൂലായിലാണ് നേതാക്കളുടെ എണ്ണം 23ലെത്തിയത്. ഇനിയും നിരവധി പേര്‍ ഈ ഗ്രൂപ്പിലേക്ക് എത്തുമായിരുന്നു. എന്നാല്‍ വിഷയം ചോരാതിരിക്കാന്‍ ചെറു ഗ്രൂപ്പുകള്‍ മതിയെന്ന ധാരണയിലായിരുന്നു കപില്‍ സിബല്‍ അടക്കമുള്ളവര്‍.

രാഹുല്‍ മാറില്ല
കത്തിനനുസരിച്ച് മാറാന്‍ സാധ്യമല്ലെന്നാണ് രാഹുല്‍ നല്‍കുന്നത്. ജില്ലാ കമ്മിറ്റികള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാവണമെന്ന വാദം രാഹുല്‍ തള്ളി. ജില്ലാ അധ്യക്ഷന്‍മാരെ ജനറല്‍ സെക്രട്ടറിയും സംസ്ഥാന അധ്യക്ഷനും ചേര്‍ന്നാണ് നിയമിക്കേണ്ടതെന്ന വാദത്തെയും രാഹുല്‍ സ്വീകരിച്ചിട്ടില്ല. ഇതെല്ലാം തന്റെ നിയന്ത്രണത്തിലുള്ള കാര്യമാണെന്ന് രാഹുല്‍ പറയുന്നു. പാര്‍ലമെന്ററി ബോര്‍ഡില്‍ മാത്രമാണ് രാഹുല്‍ മാറ്റം വരുത്തിയത്. പാര്‍ട്ടിയിലെ വിവിധ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ രാഹുലിന് താല്‍പര്യമില്ല. തന്റെ ടീമിലെ പലരും ഇതോടെ പുറത്താവുമെന്ന് രാഹുലിനറിയാം.

സീനിയേഴ്‌സ് ലക്ഷ്യമിട്ടത്
തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നതില്‍ രാഹുലിന് വലിയ പോരായ്മയുണ്ടെന്ന് പലതവണ തെളിയിക്കപ്പെട്ടതാണ്. ഇത് ചൂണ്ടിക്കാണിക്കാനാണ് കപില്‍ സിബലൊക്കെ ശ്രമിച്ചത്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ കശ്മീരിലെ എല്ലാ നേതാക്കളും അറസ്റ്റിലായി, എന്നാല്‍ ഗുലാം നബി ആസാദിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. അദ്ദേഹം ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നത് കൊണ്ടാണെന്ന വാദമാണ് രാഹുല്‍ ഗ്രൂപ്പിലെ എംപി ചെല്ലകുമാര്‍ ഉന്നയിച്ചത്. കൃത്യമായ ലക്ഷ്യത്തോടെ ടീം രാഹുല്‍ പ്ലാന്‍ ചെയ്താണ് കത്തെഴുതിയവരെ കുരുക്കിയത്.

ചെയ്തത് വന്‍ ചതി
രാഹുല്‍ യോഗത്തിനിടെ ഇടയ്ക്ക് കയറിയാണ് സംസാരിച്ചത്. സോണിയ കത്ത് വായിച്ചിട്ടില്ലെന്നാണ് അറിയുന്നത്. താന്‍ അമ്മയെ കത്ത് വായിക്കുന്നതില്‍ നിന്ന് തടഞ്ഞെന്നും, അത് അവരെ അസ്വസ്ഥയാക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ ഈ കത്ത് ആരും വായിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. രണ്ട് കത്തുകളാണ് സോണിയക്ക് ഇവര്‍ അയച്ചത്. ആദ്യത്തേതിന് മറുപടി ലഭിക്കാത്തപ്പോഴാണ് അത് ഓര്‍മിപ്പിച്ച് രണ്ടാമത്തെ കത്ത് അയച്ചത്. രാഹുല്‍ ഗാന്ധി തന്നെയാണ് ഈ കത്ത് നേതാക്കളിലൂടെ ചോര്‍ത്തി മാധ്യമങ്ങളിലെത്തിച്ചതെന്ന സംശയം ശക്തമാണ്.