പാലക്കാട് ലോക്സഭ മണ്ഡലത്തിൽ 3,26,151 വ്യാജ വോട്ടുകൾ; ഗുരുതര ആരോപണവുമായി ബിജെപി
പാലക്കാട് ലോക്സഭ മണ്ഡലത്തിൽ വ്യാപകമായ വ്യാജ വോട്ടുണ്ടെന്ന ആരോപണവുമായി ബി ജെ പി. ആകെയുള്ള 13,98,143 വോട്ടർമാരിൽ 3,26,151 എണ്ണം വ്യാജ വോട്ടോ ഇരട്ടിപ്പോ ആണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. സി പി എമ്മിനെ സഹായിക്കാനുള്ള നീക്കമാണതെന്നും വ്യാജ വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് വിലക്കണമെന്ന് ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടു. വ്യാജ വോട്ട് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർക്കും ജില്ലാ വരണാധികാരിക്കും ബി ജെ പി പരാതിയും നൽകിയിട്ടുണ്ട്.
പട്ടാമ്പി നിയമസഭാ മണ്ഡലത്തിൽ 59,251, ഷൊർണൂർ 56,233, ഒറ്റപ്പാലം 57,354, കോങ്ങാട് 36,397, മണ്ണാർക്കാട് 51,437, മലമ്പുഴ 40,681, പാലക്കാട് 24,798 എന്നിങ്ങനെയാണ് ഇരട്ട, വ്യാജ വോട്ടുകൾ എന്നാണ് ബി ജെ പി നേതാക്കൾ ആരോപിക്കുന്നത്. ഒരാളുടെ വ്യത്യസ്ത ഫോട്ടോകൾ ഉപയോഗിച്ച് തിരിച്ചറിയൽ കാർഡ് ഉണ്ടെന്നും പല ബൂത്തുകളിലും ഒരേ പേരിലും വിലാസത്തിലും 2 തിരിച്ചറിയൽ കാർഡുകൾ വരെ ഉണ്ടെന്നും ബി ജെ പി നേതാക്കൾ പറയുന്നു. ഇതൊന്നും അബദ്ധമായി കണക്കാക്കാനാകില്ല. സി പി എമ്മിനെ സഹായിക്കാനുള്ള നീക്കമാണിതെന്നും മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് എന്നിവർ ആരോപിച്ചു.

അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ഡോ എസ് ചിത്രയുടെ പ്രതികരണം. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരണത്തോടനുബന്ധിച്ചു പല തലങ്ങളിലും പരിശോധനകൾ നടത്തിയതാണെന്നും ഇരട്ടിപ്പുള്ളതോ മരിച്ചതോ ആയ ആളുകളുടെ പേരുവിവരങ്ങൾ ചേർത്ത് പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. വോട്ടെടുപ്പിന് മുൻപ് ഈ പട്ടിക പ്രിസൈഡിങ് ഓഫിസർമാർക്കു കൈമാറും. ഇവർ വോട്ടു ചെയ്യാൻ വരുമ്പോൾ പ്രത്യേക ആപ്ലിക്കേഷൻ വഴി പരിശോധന നടത്തി കള്ളവോട്ട് നടത്തുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി.
കൊട്ടിക്കലാശം വൈകിട്ട് 5 മുതല്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരണത്തിന്റെ കൊട്ടിക്കലാശം \ വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ സ്റ്റേഡിയം പരിസരത്ത് നടക്കും. റാലികള്‍ മൂന്ന് റോഡുകളില്‍ കൂടി എത്തി സ്റ്റേഡിയം പരിസരത്ത് സമാപിക്കുന്ന തരത്തിലാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് ജില്ലാ പൊലീസ് വിഭാഗം അധികൃതര്‍ അറിയിച്ചു.
സ്റ്റേഡിയം ബൈപ്പാസ് റോഡ് വഴിയും സുല്‍ത്താന്‍പേട്ട വഴിയും കല്‍മണ്ഡപം - പാലക്കാട് റോഡ് വഴിയും റാലികള്‍ സ്റ്റേഡിയം പരിസരത്തെത്തും. വൈകിട്ട് ആറിന് കൊട്ടിക്കലാശം അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡി.ജെ, നാസിക് ഡോള്‍ എന്നിവ അനുവദിക്കില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് അനുവദിച്ച സ്ഥലങ്ങളില്‍ തന്നെ റാലി സംഘടിപ്പിക്കണമെന്നും സമയ ക്ലിപ്തത പാലിക്കണമെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications