പാലക്കാട് കോണ്‍ഗ്രസ് നടത്തിയത് വോട്ടു കച്ചവടം, അന്ത്യകൂദാശയ്ക്ക് സമയമായെന്ന് എവി ഗോപിനാഥ്!!
പാലക്കാട്: കോണ്‍ഗ്രസില്‍ സമവായ നീക്കം നടക്കുന്നതിനിടെ നേതൃത്വത്തിനെതിരെ എവി ഗോപിനാഥ്. പാലക്കാട്ട് കോണ്‍ഗ്രസിന്റെ അന്ത്യകൂദാശയ്ക്ക് സമയമായെന്ന് ഗോപിനാഥ് പറഞ്ഞു. കോണ്‍ഗ്രസ് നടത്തുന്നത് സീറ്റ് കച്ചവടമാണ്. ജില്ലയിലെ പല സീറ്റുകളിലും സീറ്റ് കച്ചവടം നടന്നുവെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പക്ഷേ പാലക്കാട്ട് കോണ്‍ഗ്രസ് ജയിക്കുമെന്ന് തന്നെയാണ് എനിക്ക് പ്രതീക്ഷിക്കാവുന്ന കാര്യം. കോണ്‍ഗ്രസ് ജയിക്കുമെന്നല്ലാതെ തനിക്ക് പറയാന്‍ സാധിക്കില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി. പാലക്കാട്ടെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

നേരത്തെ സുധാകരന്‍ വന്ന് ഗോപിനാഥിനെ കണ്ട് അനുനയ നീക്കം നടത്തിയതാണ്. എന്നാല്‍ പിന്നീട് സുധാകരന്‍ ഉറപ്പ് നല്‍കിയ കാര്യങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഇതാണ് ഗോപിനാഥിനെ ചൊടിപ്പിക്കുന്നത്. അദ്ദേഹം കോണ്‍ഗ്രസിനെ കൈവിടുമെന്നാണ് സൂചന. സീറ്റ് വിഭജിച്ച് നല്‍കുന്നത് യുഡിഎഫില്‍ ഇത് ആദ്യത്തെ സംഭവമാണ്. കോണ്‍ഗ്രസിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ മാനസികമായി വേദനിപ്പിക്കുകയാണ്. ഇത് ഇനിയും അംഗീകരിക്കാനാവില്ല. തിങ്കളാഴ്ച്ച മൂന്ന് മണിക്ക് താന്‍ നിലപാട് പ്രഖ്യാപിക്കും. കോണ്‍ഗ്രസില്‍ തുടരണമോ എന്ന് അന്നറിയാമെന്നും ഗോപിനാഥ് പറഞ്ഞു.
തന്റെ കൂടെ ആരും വരണമെന്ന് പറയുന്നില്ല. ആരെയും കാത്തുനില്‍ക്കാതെ മുന്നോട്ട് പോകും. പാലക്കാട്ട് ഒരു പാര്‍ട്ടി ആവശ്യപ്പെടാതെ തന്നെ അവര്‍ക്ക് സീറ്റ് നല്‍കി. മുസ്ലീം ലീഗ് ആവശ്യപ്പെടാതെ തന്നെ അവര്‍ക്ക് കോങ്ങാട് സീറ്റ് വിട്ടുനല്‍കി. പട്ടാമ്പി ലീഗ് ചോദിച്ചെങ്കിലും കൊടുത്തില്ല. നെന്മാറ കോണ്‍ഗ്രസിന്റെ ഉറച്ച് കോട്ടയാണ്. അത് സിഎംപിക്ക് കൊടുത്തു. ഇതെല്ലാം സീറ്റ് കച്ചവടത്തിന്റെ ഭാഗമാണ്. പ്രവര്‍ത്തകര്‍ ഇതില്‍ ആശങ്കയിലാണ്. സീറ്റ് കച്ചവടമെന്ന ആരോപണങ്ങള്‍ നില്‍ക്കുന്നതിനാല്‍, സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഗോപിനാഥ് ആവശ്യപ്പെട്ടു.
യുഡിഎഫിന് ഈ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാവുമെന്ന് ഉറപ്പാണ്. വോട്ട് കച്ചവടം എന്നത് പ്രവര്‍ത്തകരുടെ മനസ്സിലാണ് ഉള്ളത്. അത് ഇല്ലാതാക്കാനാവില്ല. ജില്ലയില്‍ ബിജെപി കരുത്ത് കാണിച്ചിരിക്കുകയാണ്. ശക്തമായ ത്രികോണ മത്സരത്തിന് പാലക്കാട്ട് സാധ്യതയുണ്ട്. ഘടകകക്ഷികള്‍ക്ക് അവര്‍ ആവശ്യപ്പെടാത്ത സ്ഥലത്ത് സീറ്റ് കൊടുക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സീറ്റ് കച്ചവടമാണോയെന്ന തോന്നലുണ്ടാക്കും. താന്റെ പാര്‍ട്ടിയില്‍ തന്നെ തുടര്‍ന്നാല്‍ ഷാഫി പറമ്പില്‍ മുതല്‍ വിടി ബല്‍റാം വരെയുള്ളവരെ വിജയിപ്പിക്കാന്‍ ശ്രമിക്കും. ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെടണം. ഉമ്മന്‍ ചാണ്ടിയിലാണ് തന്റെ പ്രതീക്ഷ. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് കരുതുന്നതായും ഗോപിനാഥ് പറഞ്ഞു.












Click it and Unblock the Notifications