ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം; അട്ടപ്പാടിയ്ക്കായി സ്പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍
പാലക്കാട്: അട്ടപ്പാടിയ്ക്കായി സ്പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സ്ത്രീകള്‍, കുട്ടികള്‍, കൗരപ്രായക്കാര്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പ്രാദേശികമായി അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, അഭ്യസ്ഥവിദ്യരായ സ്ത്രീകള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് 175 അങ്കണവാടികളുമായി ബന്ധപ്പെട്ട് 'പെന്‍ട്രിക കൂട്ട' എന്ന കൂട്ടായ്മ ഉണ്ടാക്കും. ഉത്തരവാദിത്ത സാമൂഹിക ഇടപെടലിന് ഈ കൂട്ടായ്മ സഹായിക്കും. അവരുടെ ഭാഷയില്‍ ബോധവത്ക്കരണം ശക്തമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അട്ടപ്പാടിയില്‍ 426 ഗര്‍ഭിണികളാണുള്ളത്. അതില്‍ 218 പേര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുമുണ്ട്. രക്തസമ്മര്‍ദം, അനീമിയ, തൂക്കക്കുറവ്, സിക്കിള്‍സന്‍ അനീമിയ തുടങ്ങിയ പല രോഗങ്ങളുള്ളവരുമുണ്ട്. ഇവര്‍ക്ക് വ്യക്തിപരമായി ആരോഗ്യ പരിചരണം ഉറപ്പാക്കും. മൂന്ന് മാസം കഴിയുമ്പോള്‍ ഇതേ രീതിയില്‍ വീണ്ടും പുതിയ ഹൈ റിസ്‌ക് വിഭാഗത്തെ കണ്ടെത്തുന്നതാണ്.
മന്ത്രി അഗളി, കോട്ടത്തറ ആശുപത്രികള്‍, ഊരുകള്‍ എന്നിവ സന്ദര്‍ശിക്കുകയും ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കൂടുതല്‍ സമയം അവിടെ ചെലവഴിക്കുകയും ചെയ്തു. ബോഡിചാള ഊരിലെ പാട്ടിയമ്മ, മൂപ്പന്‍ മുതല്‍ പഴയ തലമുറയിലേയും പുതു തലമുറയിലെയും ആളുകളുമായും ആദിവാസി സമൂഹത്തിലെ വിവിധ ആളുകളുമായും മന്ത്രി ആശയ വിനിമയം നടത്തി.
അതേസമയം, അട്ടപ്പാടിയല്‍ അടുത്തിടെ തുടര്‍ച്ചയായി ,സംഭവിക്കുന്ന ശിശുമരണം വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. അട്ടപ്പാടിയിലെ 58 ശതമാനം ഗര്‍ഭിണികളും ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നാണ് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. മാത്രമല്ല നാലിലൊന്ന് ഗര്‍ഭിണികള്‍ക്കും ആവശ്യമായ ശരീരഭാരം ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശിശുമരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
അട്ടപ്പാടിയിലേത് ശിശു മരണങ്ങളല്ല, വ്യവസ്ഥിതി നടത്തിയ കൊലപാതകമാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. അവിടെ റേഷന്‍ കടകള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഉണ്ടെങ്കിലും ഒന്നും ആദിവാസി ജനവിഭാഗങ്ങളിലേക്കെത്തുന്നില്ല. അമ്മമാരിലുണ്ടാകുന്ന പോഷകാഹാരക്കുറവാണ് ശിശുക്കളുടെ മരണത്തിന് കാരണമെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും പോഷകാഹാരം ഗര്‍ഭിണികള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ അതിന് ഉത്തരവാദി സര്‍ക്കാരാണ്. അമ്മയുടെ പോഷകാഹാരക്കുറവ് കൊണ്ട് കുഞ്ഞുങ്ങള്‍ മരിക്കുന്നത് കേരളത്തെ സംബന്ധിച്ച് അവിശ്വസനീയമാണെന്ന് വിഡി സതീശന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications