Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂട് പ്രതിരോധം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയര്‍ ഓഡിറ്റിങ് നടത്തണമെന്ന് കളക്ടർ

പാലക്കാട്: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഫയര്‍ ഓഡിറ്റിനുളള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അമിതമായ ചൂടും മറ്റും മൂലം ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം ഫയലുകളും മറ്റും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവരുതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സബ് ഓഫീസുകളിലും ആവശ്യമായ നിര്‍ദ്ദേശം നല്‍കണം. കെ.എസ്.ഇ.ബി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ ജലക്ഷാമം മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം വിലയിരുത്തി. ഓങ്ങല്ലൂര്‍-വല്ലപ്പുഴ മേഖലകളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. നിലവില്‍ പൈപ്പിട്ട സ്ഥലങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കണം.

 pal2

മീങ്കര ഡാമില്‍ കുടിവെള്ളത്തിനുള്ള കരുതല്‍ ശേഖരം എത്രയുണ്ടെന്ന് കൃത്യമായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിക്കണമെന്ന് ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു. മീങ്കര ഡാമില്‍ കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ ജലം ഉറപ്പാക്കണമെന്ന് രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. പറമ്പിക്കുളം-ആളിയാര്‍ ഡാമില്‍നിന്നും അര്‍ഹതപ്പെട്ട വെള്ളം ലഭിക്കുന്നതിനായി സര്‍ക്കാര്‍തലത്തിലും ജില്ലാതലത്തിലും ഇടപെടലുകള്‍ നടത്തേണ്ടതാണെന്ന് യോഗം വിലയിരുത്തി. വിഷയം അടിയന്തരമായി വാട്ടര്‍ സോഴ്‌സ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

നെല്ല് സംഭരിച്ചു

ജില്ലയില്‍ ഇതുവരെ 2023-24 രണ്ടാം വിള 3169.853 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായി പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. 58,862 കര്‍ഷകരാണ് ആകെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. 2022-23 രണ്ടാം വിള നെല്ല് സംഭരിച്ച കര്‍ഷകരില്‍ നാളിതുവരെ പി.ആര്‍.എസ് തുക കൈപറ്റാത്ത 1218 കര്‍ഷകര്‍ക്ക് 8.32 കോടി രൂപ നല്‍കാനുണ്ട്. മരണപ്പെട്ടവര്‍, മൈനര്‍, എന്‍.ആര്‍.ഐ വിഭാഗത്തില്‍ വരുന്നവര്‍ക്ക് അവര്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടിലേക്ക് നേരിട്ട് ഫണ്ട് നല്‍കുന്നുണ്ട്.

2022-23 രണ്ടാം വിള പി.ആര്‍.എസ് തുക എടുക്കാനുള്ള അവസാന തീയതി നവംബര്‍ 10 ആയിരുന്നു. ഇനിയും തുക കൈപറ്റാന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് എസ്.ബി.ഐ/കാനറാ ബാങ്ക് വഴി തുക അനുവദിച്ചു കൊടുക്കും. 2023-24 ഒന്നാം വിളയുടെ തുക വിതരണം നടന്നുകൊണ്ടിരിക്കുന്നു. 80 ശതമാനം കര്‍ഷകര്‍ക്കും പി.ആര്‍.എസ് ആയി തുക അനുവദിച്ചു. ശേഷിക്കുന്ന 20 ശതമാനം കര്‍ഷകര്‍ ബാങ്കിനെ സമീപിക്കണമെന്നും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നെല്ലിന്റെ വില വേഗത്തില്‍ ലഭ്യമാക്കണമെന്ന എം.എല്‍.എമാരായ കെ. ബാബു, എ. പ്രഭാകരന്‍, കെ.ഡി പ്രസേനന്‍, മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി വിനോദ് ബാബു എന്നിവര്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഭരണതുകയുടെ നിലവിലെ സ്ഥിതി വിശദമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+