'സന്ദീപ് വാര്യർ മത്സരിച്ചാൽ കെട്ടിവെച്ച കാശ് പോലും കിട്ടില്ല; ഒരു വാർഡിൽ പോലും ജയിച്ചിട്ടില്ല'; സി കൃഷ്ണകുമാർ
പാലക്കാട് സ്ഥാനാർത്ഥിയാക്കാൻ താൻ പാർട്ടിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സി കൃഷ്ണകുമാർ. മണ്ഡലത്തിൽ തനിക്ക് ജനങ്ങളോടുള്ള വ്യക്തിപരമായ അടുപ്പം ഉൾപ്പെടെ പരിഗണിച്ചാണ് പാർട്ടി സ്ഥാനാർത്ഥിയാക്കിയത്. പരാജയത്തിന് താൻ മാത്രമാണ് കാരണക്കാരൻ എന്ന് ബിജെപി നേതൃത്വം പറഞ്ഞിട്ടില്ല. ഒരു വാർഡിൽ പോലും ജയിക്കാതെയാണ് സന്ദീപ് വാര്യർ തന്നെ വിമർശിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.
'ഞാൻ കാരണമാണ് പരാജയപ്പെട്ടതെന്ന് സംഘടന പറയുകയാണെങ്കിൽ അത് ഞാൻ തീർച്ചയായും ഏറ്റെടുക്കാൻ തയ്യാറാണ്. തെറ്റ് തിരുത്തി മുന്നോട്ട് പോകാം. എന്നാൽ സംഘടനയിൽ നിന്നും ഒരാൾ പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല. സ്ഥാനാർത്ഥിയാക്കണമെന്ന് ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും മലമ്പുഴയിൽ മത്സരിച്ചയാളാണ്. അവിടം കേന്ദ്രീകരിച്ചാണ് ഞാൻ പ്രവർത്തിച്ചത്.

പാലക്കാട് ലോക്സഭതിരഞ്ഞെടുപ്പിൽ മത്സരിച്ച ആൾ എന്ന നിലയിൽ പാലക്കാട് കൃഷ്ണകുമാർ തന്നെ മത്സരിക്കുന്നതാണ് നല്ലതെന്ന് പാർട്ടി തീരുമാനിച്ചതാണ്. എന്റെ വ്യക്തിപരമായ ബന്ധങ്ങളും പാർട്ടി പരിഗണിച്ചിരുന്നു.
2010 ലെ തിരഞ്ഞെടുപ്പിൽ സിപിഎം 30 വർഷം തുടർച്ചയായി വിജയിച്ച വാർഡിൽ ഞാൻ ജയിച്ചു. 2015 ൽ കോൺഗ്രസിന്റെ ചെയർമാനെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ വാർഡ് പിടിച്ചെടുത്തു. എനിക്കെതിരെ ആരോപണം ഉന്നയച്ച സന്ദീപ് തച്ചനാട്ടുകരയിൽ ഒരു പഞ്ചായത്ത് മെമ്പെറെ എങ്കിലും വിജയിപ്പിച്ചിട്ടുണ്ടോ?. സന്ദീപ് വാര്യർ മത്സരിച്ചാൽ കെട്ടിവെച്ച കാശ് പോലും കിട്ടില്ല. ഒരു വാർഡ് തിരഞ്ഞെടുപ്പിലെങ്കിലും മത്സരിച്ച് വിജയിക്കാൻ സന്ദീപിന് സാധിച്ചിട്ടുണ്ടോ?
സന്ദീപ് എന്തുകൊണ്ട് കോൺഗ്രസിലേക്ക് പോയെന്ന് അറിയാം. അയാൾ പോയിട്ട് പാർട്ടിയിലെ ഒരു പ്രവർത്തകനെയെങ്കിലും കൊണ്ടുപോകാൻ സാധിച്ചോ? ഇത്രയേറെ സ്വാധീനമുള്ള നേതാവാണെങ്കിൽ ചിതലൂരെ ഒരു പ്രവർത്തകനെയെങ്കിലും കോൺഗ്രസിലേക്ക് കൊണ്ടുപോകാനായോ?. സന്ദീപ് വന്നത് കൊണ്ടാണ് കോൺഗ്രസ് ജയിച്ചതെന്ന് പാർട്ടിയിലെ ഏതെങ്കിലും നേതാവ് പറഞ്ഞാൽ സന്ദീപിന്റെ വാദങ്ങൾ ഞാൻ അംഗീകരിക്കാം', കൃഷ്ണകുമാർ പറഞ്ഞു.
കൃഷ്ണകുമാറിനും കെ സുരേന്ദ്രനുമെതിരെ അതിരൂക്ഷ വമർശനമാണ് സന്ദീപ് വാര്യർ ഉയർത്തിയത്. പാൽ സൊസൈറ്റി മുതൽ പാർലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്ന ആളാണ് കൃഷ്ണകുമാറെന്നും. അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത് ജയിക്കാൻ ലക്ഷ്യം വെച്ചല്ലെന്നും സന്ദീപ് ആരോപിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ഗൂഢലക്ഷ്യമാണ് അവർക്കുണ്ടായിരുന്നത. നമ്മുക്ക് മുന്നേ മറ്റാരും ജയിക്കേണ്ടെന്ന ചിന്തയും സുരേന്ദ്രനും സംഘത്തിനും ഉണ്ടായിരുന്നുവെന്നും സന്ദീപ് വിമർശിച്ചു.












Click it and Unblock the Notifications