വന്ദേഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയും: വികെ ശ്രീകണ്ഠൻ എംപി
പാലക്കാട്: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന മുന്നറിയിപ്പുമായി പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. ട്രെയിനിന്റെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 25 ന് ഷൊർണൂരിൽ വെച്ച് ട്രെയിൻ തടയാനാണ് തീരുമാനമെന്നും എംപി വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് അയച്ച കത്തിന് പോലും കേന്ദ്രസർക്കാർ മറുപടി നൽകിയില്ലെന്നും എംപി കുറ്റപ്പെടുത്തി.
'ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഷൊർണൂർ ജംഗ്ഷൻ. പാലക്കാട്,തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള യാത്രക്കാർ ഏറെ ആശ്രയിക്കുന്ന സ്റ്റേഷനാണ് ഷൊർണൂർ. വേഗതയെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്റ്റോപ് അനുവദിക്കാത്തത് എന്നാണ് കേന്ദ്രം പറയുന്നത്'.

എന്നാൽ ട്രയൽ റൺ നടത്തിയപ്പോൾ തന്നെ വള്ളത്തോൾ നഗർ മുതൽ കാരക്കാട് വരെ 15 കിമീ വേഗതയിലാണ് ട്രെയിനിന് പോകാൻ കഴിഞ്ഞുള്ളൂവെന്നും അതിനാൽ വേഗത കുറയുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടാനാകില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രധാനപ്പെട്ട ആവശ്യമായതിനാൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സമരം നയിക്കുമെന്നും എംപി അറിയിച്ചു.
വന്ദേഭാരതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള നീക്കം-സന്ദീപ് വാര്യർ
വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പില്ലെങ്കിൽ തടയുമെന്ന വികെ ശ്രീകണ്ഠന്റെ പ്രസ്താവന മുൻ കൂട്ടിയുള്ള ഒരു ഏറാണെന്ന് വിമർശിച്ച് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ തന്നെ നേരിട്ട് റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . ബിജെപി നേതൃത്വവും ഇക്കാര്യത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട് . ഇതെല്ലാമറിയുന്ന ശ്രീകണ്ഠൻ ഇപ്പോൾ നടത്തുന്നത് നാടകമാണെന്ന് സന്ദീപ് കുറ്റപ്പെടുത്തി.
.
'പത്ത് വര്ഷം യുപിഎ അധികാരത്തിലിരുന്നപ്പോൾ അക്കാലത്തും നേതാവായിരുന്ന ശ്രീകണ്ഠൻ പാലക്കാട് ജില്ലയിലെ റെയിൽ വികസനത്തിന് എന്ത് ഇടപെടലാണ് നടത്തിയിട്ടുള്ളത് ? യുപിഎ ഭരണകാലത്താണ് പാലക്കാട് ഡിവിഷൻ മുറിച്ച് സേലം ഡിവിഷൻ രൂപീകരിക്കുന്നത് . പിണറായി വിജയൻ പാരവച്ച് തകർത്ത ഷൊർണൂർ നിലമ്പൂർ നഞ്ചങ്കോട് പാതക്ക് വേണ്ടി ലോക്സഭയിൽ ഒരു വാക്കെങ്കിലും ശ്രീകണ്ഠൻ പറഞ്ഞിട്ടുണ്ടോ ?
മൂവായിരം കോടി കേന്ദ്രം അനുവദിച്ച ജോയന്റ് വെഞ്ചർ പദ്ധതിയാണിത് . പാലക്കാട് മലപ്പുറം വയനാട് ജില്ലകളുടെയും കേരളത്തിന്റെയും മുഖഛായ മാറ്റുന്ന പദ്ധതി. ഈ മൂന്ന് സ്ഥലത്തും യുഡിഎഫ് എംപിമാരായിരുന്നല്ലോ . നിങ്ങൾ എന്ത് ചെയ്തു ? ഒന്നും ചെയ്തില്ല . എന്നിട്ടാണിപ്പോൾ വന്ദേ ഭാരതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ലജ്ജയില്ലാതെ വരുന്നത്', സന്ദീപ് പരിഹസിച്ചു.












Click it and Unblock the Notifications