മദ്യനയ അഴിമതി ആരോപണം; പാലക്കാട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
പാലക്കാട്: മദ്യനയ അഴിമതി ആരോപിച്ച് പാലക്കാട് കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ഉദ്ഘാടനത്തിന് പിന്നാലെ പ്രതിഷേധക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ സംഘർഷം ഉണ്ടാവുകയായിരുന്നു.
അതേസമയം സംഘർഷത്തിന് പിന്നാലെ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കളും പ്രതിഷേധത്തിലുണ്ടായിരുന്നു. പ്രതിഷേധത്തിനെത്തിയ വനിതാ പ്രവർത്തകർ അടക്കമുള്ളവരോട് പോലീസ് മോശമായി പെരുമാറി എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

അതിനിടെ മദ്യനയ അഴിമതി ആരോപണത്തിൽ വരും ദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭാ മാർച്ച് നടത്തുമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ അറിയിച്ചു. മദ്യമയ അഴിമതിയിൽ എംബി രാജേഷിനും മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നും ഹസൻ ആരോപിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് അഴിമതി മറച്ചുവെക്കാനാണ്. അതുകൊണ്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നത്. ഡ്രൈ ഡേ ഒഴിവാക്കാൻ ഏറ്റവും ശക്തമായി ആവശ്യപ്പെട്ടത് ടൂറിസം മന്ത്രിയാണ്. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാൻ മാത്രമല്ല മാർക്സിസ്റ്റ് പാർട്ടിക്ക് അവരുടെ വരുമാനം വർധിപ്പിക്കാൻകൂടി വേണ്ടിയാണെന്നും ഹസൻ ആരോപിച്ചു. എക്‌സൈസ് വകുപ്പിന്റെ അധികാരങ്ങള്‍ ടൂറിസം വകുപ്പ് കവര്‍ന്നെടുക്കുകയാണെന്നും ഡ്രൈ ഡേ ഒഴിവാക്കുന്നതിലും ബാറുകളുടെ സമയം നീട്ടിക്കൊടുക്കാനും ആവേശത്തോടെ ഇറങ്ങിയത് ടൂറിസം വകുപ്പാണെന്നും നേരത്തേ വിഡി സതീശൻ വിമർശിച്ചിരുന്നു. എല്ലാ അഴിമതിക്കള്‍ക്ക് പിന്നിലുമെന്ന പോലെ ഇവിടെയും അനാവശ്യ ധൃതിയുണ്ടായി. മന്ത്രിമാരാണ് ആദ്യം നുണ പറഞ്ഞത്. പിന്നീട് ഉദ്യോഗസ്ഥരെക്കൊണ്ടും നുണ പറയിച്ചു. ടൂറിസം സെക്രട്ടറിയുടെ പേരിലുള്ള പ്രസ്താവന ടൂറിസം മന്ത്രിയുടെ ഓഫീസിലാണ് തയാറാക്കിയത്. അവിടെയാണ് കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. അവിടെ അധികാര കേന്ദ്രീകരണം നടക്കുകയാണ്. അതൊക്കെ പുറത്തു വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം ഡ്രൈഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു നേരത്തേ മന്ത്രി ൺംബി രാജേഷ് നൽകിയ വിശദീകരണം.
ഈ വർഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ല.എക്സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാം. ഈ വാർത്തകൾ വിശ്വസിച്ച് അവസരം മുതലെടുക്കാൻ ചില കുബുദ്ധികൾ ഇറങ്ങിത്തിരിച്ചു എന്നുവേണം അനുമാനിക്കാൻ. ഇക്കാര്യത്തിൽ അന്വേഷണവും ശക്തമായ നടപടിയുമുണ്ടാവും. നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്, മുതലെടുപ്പിന് ഇറങ്ങിയവരും പണം നൽകുന്നവരും കുടുങ്ങും', എന്നായിരുന്നു മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.












Click it and Unblock the Notifications