പാലക്കാട് മുരളീധരനും പത്മജയും ഏറ്റുമുട്ടുമോ?;മുരളീധരന്റെ സ്ഥാനാർത്വിത്വം തള്ളാനാകില്ലെന്ന് വികെ ശ്രീകണ്ഠൻ
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ കെ മുരളീധരന്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എം പി. തീരുമാനമെടുക്കേണ്ടത് ഹൈക്കാന്‍ഡാണ്. കെ മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ച പോസറ്റീവാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മുരളീധരനും സഹോദരി പത്മജ വേണുഗോപാലും തമ്മിൽ ഏറ്റുമുട്ടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ആണ് മണ്ഡലത്തിൽ വിജയിച്ചത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു ബി ജെ പി സ്ഥാനാർത്ഥിയായ ഇ ശ്രീധരൻ കാഴ്ചവെച്ചത്. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥിയായ ഷാഫി പമ്പറിലും ശ്രീധരനും തമ്മിൽ നടന്നത്. ഒരു ഘട്ടത്തിൽ ഈ ശ്രീധരൻ മണ്ഡലം പിടിച്ചെന്ന് വരെ വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ ബി ജെ പിയുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ഷാഫി മണ്ഡലം നിലനിർത്തി. ഇക്കുറി മികച്ച സ്ഥാനാർത്ഥി വന്നാൽ പാലക്കാട് വിജയം ഉറപ്പിക്കാമെന്നാണ് ബി ജെ പി കണക്ക് കൂട്ടൽ.

ബി ജെ പിയിൽ സ്ഥാനാർത്ഥി ചർച്ചകൾ അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. പത്മജ വേണുഗോപാൽ മത്സരിക്കട്ടെയെന്ന വികാരം പാർട്ടിയിൽ ഒരു വിഭാഗത്തിന് ഉണ്ട്. പത്മജയുടെ ബിജെപിയിലേക്കുള്ള വരവും സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയവുമെല്ലാം ഗുണം ചെയ്യുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പത്മജ മത്സരിച്ചാൽ കോൺഗ്രസ് വോട്ടുകളടക്കം പെട്ടിയിലാക്കാമെന്നാണ് ഇവർ പറയുന്നത്. പത്മജ അല്ലെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ചവെച്ച സി കൃഷ്ണകുമാറിനെ പരിഗണിക്കാനുള്ള സാധ്യതയും ഉണ്ട്. ബി ജെ പി സംസ്ഥാന ട്രഷററും നിലവിൽ നഗരസഭ വൈസ് ചെയർമാനുമായ ഇ കൃഷ്ണദാസ് , പാർട്ടി മുൻ വക്താവ് സന്ദീപ് വാര്യർ എന്നിവരുടെ പേരുകളും ബി ജെ പിയിൽ ചർച്ചയാകുന്നുണ്ട്.
അതേസമയം മത്സരിക്കാനില്ലെന്ന് കെ മുരളീധരൻ നിലപാടെടുത്താൽ ചിലപ്പോൾ യുവാക്കൾക്ക് നറുക്ക് വീഴാനുള്ള സാധ്യത ഉണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ അല്ലെങ്കിൽ വിടി ബൽറാമിന്റെ പേരുകളാണ് പരിഗണനയിൽ. ഷാഫി പറമ്പലിന്റെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുക. സിപിഎമ്മും മത്സരം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. യുവ നേതാവ് എം സ്വരാജിനെ സിപിഎം മത്സരിപ്പിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications