പാലക്കാട് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്, സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിന് ശുക്രദശയെന്ന് കെ സുധാകരൻ
പാലക്കാട്: പാലക്കാട് അർധരാത്രി കോൺഗ്രസ് വനിത നേതാക്കൾ ഉൾപ്പെടെ ഉള്ളവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പോലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് പ്രവവർത്തകരും മറ്റ് യു ഡി എഫ് പ്രവർത്തകരും പാലക്കാട് എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ സംഘർഷം ഉണ്ടായി. എസ് പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് മാർച്ച് പോലീസ് തടഞ്ഞിരുന്നു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.
200 ൽ അധികം പോലീസുകാരെയാണ് എസ് പി ഓഫീസ് പരിസരത്ത് വിന്യസിച്ചത്. ബാരിക്കേഡിന് അപ്പുറമായും നിരവധി പോലീസുകാരുണ്ട്. പാലക്കാട് എസ് പി ഓഫീസിന് മുന്നിലും പോലീസുകാരുണ്ട്. എസ് പി അശ്വതി ജിജ, മൂന്ന് ഡി വൈ എസ് പിമാർ, ജില്ലയിലെ മുഴുവൻ സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നാണ് വിവരം.

പ്രതിഷേധ മാർച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. അർധരാത്രി കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ റെയ്ഡ് നടത്തിയ പോലീസിനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് ശുക്രദശയാണെന്നും ഇനി പ്രതീക്ഷിച്ചതിന്റെ ഇരട്ടി വോട്ടിൽ രാഹുൽ ജയിക്കുമെന്നും സുധാകരൻ എം പി പറഞ്ഞു.
പോലീസിനതിരെ നിയമപരമായി നേരിടുമെന്നും കെ സുധാകരൻ പറഞ്ഞു. പോലീസ് പരിശോധനയിൽ കോൺഗ്രസ് നേതാക്കളിൽ നിന്ന് കള്ളപ്പണം കിട്ടോയോ എന്നും തിരിച്ച് പോകുമ്പോൾ ഒരു ക്ഷമാപണം പോലും ചെയ്യാത്ത നാറികളാണ് പോലീസുകാരെന്നും സുധാകരൻ പറഞ്ഞു. പിണറായി വിജയന്റെ കൈ നക്കിയത് കൊണ്ടാണ് ബി ജെ പിക്കെതിരായ കള്ളപ്പണക്കേസ് ഒതുക്കിയത്. സി പി എം നാശത്തിലേക്ക് പോവുകയാണ് പ്രവർത്തകർ ധൈര്യത്തോടെ മുന്നോട്ട് പോകണമെന്നും സുധാകരൻ പാലക്കാട്ടെ പ്രതിഷേധ മാർച്ചിൽ പറഞ്ഞു.
പോലീസ് പരിശോധനയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കെ സുധാകരൻ കൂട്ടിച്ചേർത്തു. യു ഡി എഫ്, ബിജെ പി നാടകമെന്ന എ കെ ബാലന്റെ ആരോപണത്തോട് ബാലന് വട്ടാണ് എന്നായിരുന്നു സുധാകരൻ പറഞ്ഞത്. എന്തും വിളിച്ച് പറഞ്ഞാൽ കേട്ടിരിക്കുമെന്ന് കരുതരുതെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധിക്കുമെന്നും സുധാകരൻ പറഞ്ഞു. ഉപ തിരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചായിരുന്നു ഇന്നലെ രാത്രി പോലീസ് ഹോട്ടൽ മുറിയിൽ റെയ്ഡ് നടത്തിയത്












Click it and Unblock the Notifications