പാലക്കാട് സിപിഎം പരിഗണിക്കുന്നത് ഈ രണ്ട് പേരുകൾ; കോൺഗ്രസിൽ 'രണ്ട്'പേരിൽ തട്ടി തർക്കം
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കാൻ സിപിഎം. നിലവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ഡിവൈഎഫ്ഐ നേതാവ് സഫ്ദർ എന്നിവരുടേ പേരുകളാണ് പാർട്ടി പരിഗണിക്കുന്നത്. ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. തുടർന്ന് പേര് സംസ്ഥാന സമിതിക്ക് കൈമാറും.
പാലക്കാട് മണ്ഡലത്തിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് സിപിഎം. ഏറ്റവും !ടുവിലായി 2006 ലായിരുന്നു മണ്ഡലത്തിൽ നിന്നും ഒരു സിപിഎം നേതാവ് ജയിക്കുന്നത്. സി ദിവാകരനാണ് അവസാനം ഇവിടെ നിന്ന് നിയമസഭയിലെത്തിയത്. അതിന് ശേഷം ഒരിക്കൽ പോലും മണ്ഡലത്തിൽ ശക്തമായൊരു മത്സരം കാഴ്ചവെക്കാൻ സിപിഎമ്മിന് സാധിച്ചിരുന്നില്ല. മാത്രമല്ല മണ്ഡലത്തിൽ ബി ജെ പി രണ്ടാം സ്ഥാനം നേടിയെടുക്കുകയും ചെയ്തു.

എന്നാൽ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത മത്സരം കാഴ്ചവെയ്ക്കണമെന്നതാണ് സിപിഎം നിലപാട്. എല്ലാ കാലത്തും മണ്ഡലത്തിൽ കോൺഗ്രസിനെ ജയിപ്പിക്കേണ്ട ബാധ്യത ഇല്ലെന്നും ശക്തരായ സ്ഥാനാർത്ഥികളെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ഉണ്ട്. ഈ സാഹചര്യത്തിൽ തുടക്കത്തിൽ സ്വതന്ത്രരെ പരിഗണിക്കാനായിരുന്നു പാർട്ടിയിലെ ആലോചന. നർത്തകി മേതിൽ ദേവിക അടക്കമുള്ളവരെ നേതൃത്വം സമാപിച്ചതായി വാർത്തകളും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ നീക്കം ഉപേക്ഷിച്ചു.
ഡിവൈഎഫ്ഐ നേതാവ് വി വസീന്റെ പേരായിരുന്നു പിന്നീട് ചർച്ചയായത്. എന്നാൽ മണ്ഡലത്തിൽ തന്നെയുള്ളവർ മത്സരിക്കുന്നതാണ് നല്ലത് എന്ന അഭിപ്രായമാണ് പാർട്ടിയിൽ ഉയർന്നത്. ഈ സാഹചര്യത്തിലാണ് ബിനുമോളിന്റെ പേര് ചർച്ചയാകുന്നത്. അതേസമയം മറുവശത്ത് കോൺഗ്രസിൽ സ്ഥാനാർത്ഥി ചർച്ച തകൃതിയാണ്. യുവ നേതാവും യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിന്റേയും ഡോ സരിന്റേയും പേരുകളാണ് ചർച്ചയാകുന്നത്.
രാഹുൽ മത്സരിക്കുന്നതിനോട് മുൻ എംഎൽഎ കൂടിയായ ഷാഫി പറമ്പിലിന് താത്പര്യമുണ്ട്. ഇത് അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരെ കൊണ്ട് മത്സരിപ്പിക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അങ്ങനെയെങ്കിൽ ചിലപ്പോൾ സരിന് നറുക്ക് വീഴാനുള്ള സാധ്യത ഏറെയാണ്.
അതിനിടെ കെ മുരളീധരനും മത്സരിക്കാനുള്ള താതപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ലോക്സഭയിലേക്ക് പരാജയപ്പെട്ട കെ മുരളീധരൻ ഇനി അടുത്തൊന്നും താൻ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുന്ന കാര്യം ആലോചിക്കേണ്ടതുള്ളൂവെന്നും ഇപ്പോൾ പാർട്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് കെ മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അതേസമയം ആര് കോൺഗ്രസിൽ നിന്നും മത്സരിച്ചാലും ഭൂരിപക്ഷം പതിനായരത്തിൽ കുറയില്ലെന്നും മുരളീധരൻ പറഞ്ഞു.












Click it and Unblock the Notifications