ട്വിസ്റ്റ്;സന്ദീപ് വാര്യർ പുറത്തേക്ക് തന്നെ? ചർച്ച അവസാനിപ്പിച്ച് ആർഎസ്എസും..പക്ഷെ സിപിഎമ്മിലേക്കല്ല
പാലക്കാട്: നേതൃത്വവുമായി തുറന്ന പോരിനിറങ്ങിയ സന്ദീപ് വാര്യരുടെ അടുത്ത നീക്കം എന്താണെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ബി ജെ പിക്കെതിരെ കഴിഞ്ഞ ദിവസവും സന്ദീപ് തുറന്നടിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് ആർ എസ് എസ് നേതൃത്വം സന്ദീപിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നും ഇത്തരത്തിൽ പാർട്ടിക്കെതിരായ വിമർശനം കടുപ്പിക്കുന്ന സാഹചര്യത്തിൽ ഇനി സന്ദീപുമായി ചർച്ച വേണ്ടെന്ന നിലപാടിലാണ് ആർ എസ് എസ് എന്നാണ് സൂചന.
കഴിഞ്ഞ ദിവസവും അതിരൂക്ഷമായ ഭാഷയിലാണ് സന്ദീപ് എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെതിരെ രംഗത്തെത്തിയത്. താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പാർട്ടി ഇതുവരെ പരിഹാരം കണ്ടില്ലെന്നും തന്നെ മനപ്പൂർവ്വം ഒഴിവാക്കുകയാണെന്ന് സംശയിക്കുകയാണെന്നുമാണ് സന്ദീപ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പാലക്കാട് കൃഷ്ണകുമാർ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമവും പാർട്ടിയിൽ ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

താൻ കൊടിയ അപമാനമാണ് പാർട്ടിയിൽ നേരിട്ടതെന്നും ഇനി താൻ പാലക്കാടേക്ക് പ്രചരണത്തിനില്ലെന്നും സന്ദീപ് ആവർത്തിച്ചു. അതേസമയം സന്ദീപ് പലതും മനസിൽ ഉറപ്പിച്ച പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ കടുംപിടിത്തം തുടരുന്നതെന്നാണ് ബി ജെ പിയുടേയും ആർ എസ് എസ് നേതൃത്വത്തിന്റേയും വിലയിരുത്തൽ. കൺവെൻഷനിൽ അപമാനിക്കപ്പെട്ടെന്ന് പരാതി ഉയർത്തിയതിന് പിന്നാലെ തന്നെ പാർട്ടിയിൽ നിന്നും പുറത്തുപോകാനുള്ള ആലോചനകളും ചർച്ചകളും സന്ദീപ് നടത്തിയതായും നേതൃത്വം കരുതുന്നുണ്ട്.
ആർ എസ് എസ് നേതാക്കൾ വീട്ടിലെത്തി കണ്ടിട്ടും തന്റെ മനസ് ശൂന്യമാണെന്നാണ് സന്ദീപ് പറഞ്ഞത്. മാത്രമല്ല പാർട്ടിയിലേക്ക് തന്നെ ക്ഷണിച്ച സി പി എം നേതാക്കളോട് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചിട്ടില്ല താനും. ഇതെല്ലാം സന്ദീപ് ബി ജെ പി വിടാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് നേതാക്കൾ പറയുന്നു.
സന്ദീപ് ബി ജെ പി വിട്ടാൽ അദ്ദേഹം സി പി എമ്മിലേക്ക് പോയേക്കുമെന്നാണ് തുടക്കം മുതൽ അഭ്യൂഹങ്ങൾ ഉയർന്നത്. സി പി എം സംസ്ഥാന സെക്രട്ടറിയടക്കം അദ്ദേഹത്തെ സി പി എമ്മിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സന്ദീപ് സി പി എമ്മിലേക്കല്ല മറിച്ച് സി പി ഐയിലേക്ക് പോയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. അദ്ദേഹം മണ്ണാർക്കാട്ടെ സി പി ഐ നേതൃത്വവുമായി ചർച്ച നടത്തിയായി ചില ബിജെപി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു. മണ്ണാർക്കാട് സീറ്റിന്റെ കാര്യത്തിലും ധാരണ ഉണ്ടാക്കിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ.












Click it and Unblock the Notifications