'കണക്കായിപ്പോയി, ഇത് തന്നെയാണ് ഞങ്ങൾക്കും തെളിയിക്കേണ്ടിയിരുന്നത്..സരിന്റേത് സെൽഫ് ഗോൾ'; വിടി ബൽറാം
കള്ളപ്പണ ആരോപണവും ഹോട്ടലിലെ പരിശോധനയും സംബന്ധിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുകയാണ്. കോൺഗ്രസ് കള്ളപ്പണം ഒഴുക്കി എന്ന് ആവർത്തിക്കുകയാണ് സി പി എം. എന്നാൽ ഹോട്ടലിൽ നടന്ന പരിശോധനയടക്കം ഷാഫി പറമ്പിൽ നടത്തിയ ആസൂത്രണമാണോയെന്ന സംശയമാണ് ഇടത് സ്ഥാനാർത്ഥിയായ പി സരിൻ മുന്നോട്ട് വെച്ചത്.
ഇപ്പോഴിതാ പാർട്ടിയുടെ ആരോപണത്തിന് വിരുദ്ധമായി സ്ഥാനാർത്ഥി നടത്തിയ പ്രതികരണത്തിൽ പരിഹാസം ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ എം എൽ എ വിടി ബൽറാം.. എന്തായാലും ഈ സംഭവത്തോടെ സി പി എം - ബി ജെ പി അവിശുദ്ധ ബന്ധത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നല്ലോയെന്ന് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. പരിശോധന നടന്ന ദിവസം ൽ എഎ റഹീമും വിവി രാജേഷും ടിവി രാജേഷും പ്രഫുൽകൃഷ്ണയും വിജിനും ആർഷോയും 'കൈരളി'യും 'ജന'വുമൊക്കെ ഒരമ്മ പെറ്റ അളിയമ്മാരെപ്പോലെ അർമ്മാദിക്കുകയായിരുന്നല്ലോയെന്നും ബൽറാം പരിഹസിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'പാലക്കാട് സിപിഎം-ബിജെപി ബന്ധം തുറന്നുകാട്ടാൻ ഷാഫി പറമ്പിൽ കളിച്ച കളിയാണ് "ട്രോളിയിലെ കള്ളപ്പണം" എന്ന വ്യാജവാർത്ത എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തന്നെ പറയുന്നു. കണക്കായിപ്പോയി. ഏതായാലും പാതിരാത്രിക്ക് കെപിഎം ഹോട്ടലിൽ ലൈറ്റിട്ടപ്പോൾ തെളിഞ്ഞത് സിപിഎം-ബിജെപി അവിശുദ്ധ ബന്ധത്തിന്റെ ചിത്രങ്ങൾ തന്നെയാണല്ലോ. മന്ത്രി എംബി രാജേഷിന്റെ അളിയന്റെ കാർമ്മികത്വത്തിൽ എഎ റഹീമും വിവി രാജേഷും ടിവി രാജേഷും പ്രഫുൽകൃഷ്ണയും വിജിനും ആർഷോയും 'കൈരളി'യും 'ജന'വുമൊക്കെ ഒരമ്മ പെറ്റ അളിയമ്മാരെപ്പോലെ അർമ്മാദിക്കുകയായിരുന്നല്ലോ രാത്രി മുഴുവൻ.
ഇത് തന്നെയാണ് ഞങ്ങൾക്ക് തെളിയിക്കേണ്ടിയിരുന്നത്. കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിയുടെ പരസ്പര സഹകരണം പാലക്കാട്ട് 1977ൽ എൽകെ അഡ്വാണിയും ടി ശിവദാസമേനോനും ഒ രാജഗോപാലും ചേർന്ന് തുടങ്ങിവച്ചത് പിന്നീട് 1990കളിൽ നഗരസഭാ ചെയർമാൻ സ്ഥാനം പിടിക്കാൻ എംഎസ് ഗോപാലകൃഷ്ണനും എൻ ശിവരാജനും മുന്നോട്ടുകൊണ്ടുപോയി പിന്നീട് എൻഎൻ കൃഷ്ണദാസും സി കൃഷ്ണകുമാറും എംബി രാജേഷും ദൃഢപ്പെടുത്തി ഇപ്പോഴിതാ യുവ തലമുറയിലൂടെയും അഭംഗുരം മുന്നോട്ടുപോകുന്നു എന്ന വസ്തുത.
അതിപ്പോൾ പാലക്കാടിന് മാത്രമല്ല, കേരളത്തിനും ബോധ്യമായി.
സ്ഥാനാർത്ഥി അടിച്ചത് സെൽഫ് ഗോളാണെന്ന് മനസ്സിലായത് സിപിഎം ജില്ലാ സെക്രട്ടറിക്ക് മാത്രമാണെന്ന് തോന്നുന്നു. കൂടുതൽ അബദ്ധങ്ങൾ വിളിച്ചു പറയരുതെന്ന് സ്ഥാനാർത്ഥിയെ ശാസിക്കുന്നതായാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ കാണാനാവുന്നത്.
എന്തായിരുന്നാലും പാതിരാത്രി കോൺഗ്രസിലെ വനിതാ നേതാക്കളെ പോലീസിനെ വച്ച് അപമാനിക്കാൻ നേതൃത്വം നൽകിയ മന്ത്രി പുംഗവനേയും അളിയനേയും നിയമപരമായും രാഷ്ട്രീയമായും യുഡിഎഫ് നേരിടുക തന്നെ ചെയ്യും. കാത്തിരുന്നോളൂ.












Click it and Unblock the Notifications