'രാഹുൽ മാങ്കൂട്ടത്തിന് കല്ല്യാണ പ്രായമായില്ലേ', കല്ല്യാണക്കാര്യവും ഗൗരവത്തിലെടുക്കുന്നുണ്ടന്ന് ഷാഫി
പാലക്കാട്: മണ്ഡലത്തിൽ ഓടി നടന്ന് പ്രചരണം കൊഴുപ്പികുകയാണ് യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിനൊപ്പം പ്രചണത്തിന് നേതൃത്വം നൽകി മുൻ പാലക്കാട് എം എൽ എയും വടകര എംപിയുമായ ഷാഫി പറമ്പിലുമുണ്ട്. ഞായറാഴ്ച മണ്ഡലത്തിലെ വിവാഹ വീട്ടിലെത്തിയായിരുന്നു കോൺഗ്രസ് പ്രചരണം. കോൺഗ്രസ് നേതാവിന്റെ ബന്ധുവിന്റെ വിവാഹത്തിനാണ് ഇരുവരും പങ്കെടുക്കാനെത്തിയത്. കല്ല്യാണത്തിന് പങ്കെടുത്ത വകയിൽ എല്ലാവരോടും രാഹുൽ വോട്ടഭ്യർത്ഥിക്കുകയും ചെയ്തു.
വധൂവരൻമാർക്കൊപ്പം ചിരിച്ച് ഫോട്ടോ പോസ് ചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകർക്ക് ചോദിക്കാനുണ്ടായിരുന്നത് രാഹുലിന്റെ വിവാഹക്കാര്യത്തെ കുറിച്ചായിരുന്നു. എം എൽ എയായി കതിർമണ്ഡപത്തിൽ കയറാനാണോ പ്ലാൻ എന്ന് ചോദ്യത്തിന് അങ്ങനെയൊന്നും ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന് ചിരിച്ചുകൊണ്ട് രാഹുലിന്റെ മറുപടി. രാഹുലിന്റെ വിവാഹം കൂടി ഏറ്റെടുത്ത് നടത്തിക്കൊടുക്കുമോയെന്ന് ഷാഫിയോട് ചോദ്യമുയർത്തിയപ്പോൾ അതും കൂടി ഗൗരവത്തിലെടുക്കുന്നുണ്ടെന്ന് ഷാഫിയുടെ ഉറപ്പ്.

ചിത്രം കടപ്പാട്-രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പേജ്
'വിവാഹ പ്രായമൊക്കെ ആയല്ലോ, കഴിഞ്ഞുവെന്ന് വേണമെങ്കിൽ പറയാം, എന്തായാലും അക്കാര്യവും ഗൗരവത്തിലെടുക്കുന്നുണ്ട്', ഷാഫി മറുപടി നൽകി. മണ്ഡലത്തിൽ വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ്. രാഹുലിലൂടെ സിറ്റിംഗ് സീറ്റ് നിലനിർത്താൻ സാധിക്കുമെന്നാണ് നേതൃത്വം കരുതുന്നത്. 2021 ൽ മൂവായിരത്തോളം വോട്ടുകൾക്കായിരുന്നു ഷാഫി പറമ്പിൽ മണ്ഡലത്തിൽ വിജയിച്ചത്. ഇത്തവണ ഈ ഭൂരിപക്ഷം മറികടക്കണമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലഭിച്ച എട്ടായിരത്തോളം വോട്ടിന്ഡറെ ലീഡാണ് കോൺഗ്രസിന് കൂടുതൽ പ്രതീക്ഷ നൽകുന്നത്.
എന്നിരുന്നാലും സ്ഥാനാർത്ഥി പ്രഖ്യാപനവും തുടർന്ന് പി സരിൻ തീർത്ത രാഷ്ട്രീയ കോലാഹലങ്ങളും കോൺഗ്രസിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പി സരിൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായത് തിരിച്ചടിയായിട്ടില്ലെന്നാണ് നേതൃത്വം പറയുന്നതെങ്കിലും കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കാൻ ഇടയായേക്കുമെന്ന വിലയിരുത്തലുകൾ ശക്തമാണ്. ബി ജെ പി രണ്ടാം സ്ഥാനത്തുള്ള മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ ജയിപ്പിക്കാതിരിക്കാൻ സി പി എം വോട്ടുകൾ അടക്കം ഷാഫിക്ക് മറിഞ്ഞതായി പറയപ്പെടുന്നുണ്ട്. എന്നാൽ ഇക്കുറി അതിനുള്ള സാധ്യത ഇല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. സി പി എമ്മിന്റെ കടുത്ത വിമർശകനാണ് രാഹുൽ എന്നത് തന്നെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. സി കൃഷ്ണകുമാറാണ് ബി ജെ പി സ്ഥാനാർത്ഥി. ബി ജെ പിയിലെ പടലപ്പിണക്കങ്ങൾ തുണച്ചാൽ കോൺഗ്രസിന് ആശങ്ക വേണ്ടെന്ന വിലയിരുത്തലുകളും ഉണ്ട്.












Click it and Unblock the Notifications