അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നില്ല; രണ്ടുപേരെ ഞാന്‍ കണ്ടുവെന്ന് സുബൈറിന്റെ പിതാവ്
പാലക്കാട്: എലപ്പുള്ളി പാറയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാറിലെത്തിയ അക്രമികളില്‍ രണ്ടു പേരെ ഞാന്‍ കണ്ടുവെന്ന് സുബൈറിനൊപ്പമുണ്ടായിരുന്ന പിതാവ് അബൂബക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. കാറിടിച്ച് വീഴ്ത്തിയാണ് അക്രമികള്‍ കൊലപാതകം നടത്തിയത്. രണ്ടുപേര്‍ ഇറങ്ങി ആക്രമിക്കുകയായിരുന്നു. ഇവര്‍ മുഖം മറച്ചിരുന്നില്ല. രണ്ടുപേരെയും ഞാന്‍ കണ്ടുവെന്നും പിതാവ് അബൂബക്കര്‍ പറയുന്നു. വീടിന് നേരെ ഇതിന് മുമ്പ് ആക്രമണമുണ്ടായിരുന്നുവെന്ന് സുബൈറിന്റെ മകന്‍ സജാദ് പറഞ്ഞു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും സജാദ് കൂട്ടിച്ചേര്‍ത്തു. അതേസമയം, അക്രമികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നു എന്നാണ് പ്രചാരണം.

ഇന്നുച്ചയ്ക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങി പിതാവുമായി വീട്ടിലേക്ക് പോകുമ്പോഴാണ് സുബൈറിന് നേരെ ആക്രമണമുണ്ടായത്. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. തെറിച്ചുവീണ സുബൈറിനെ കാറില്‍ നിന്നിറങ്ങിയവര്‍ വെട്ടിക്കൊന്നു. പിതാവ് അബൂബക്കറിന് ബൈക്കില്‍ നിന്ന് വീണ പരിക്കുണ്ട്. പിതാവിനെ അക്രമികള്‍ ഒന്നും ചെയ്തില്ല. അവര്‍ സുബൈറിനെ മാത്രം ലക്ഷ്യമിട്ട് വന്നതാണ് എന്ന സംശയം ബലപ്പെടുകയാണ്. നിരവധി വെട്ടേറ്റ സുബൈറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകം നടത്തിയവര്‍ കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പോയത്. ഇവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് പ്രചാരണം. കാറില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. ഡ്രൈവര്‍ ഒഴികെയുള്ളവരാണ് കൊലപാതകം നടത്തിയത്. കാര്‍ എലപ്പുള്ളി പാറയില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നു. അടുത്തിടെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ പേരിലുള്ളതാണ് കാര്‍ എന്നാണ് വിവരം. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇപ്പോള്‍ ആരാണ് കാര്‍ ഉപയോഗിച്ചിരുന്നത് എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. സിസിടിവി പരിശോധനകളും നടക്കുന്നുണ്ട്. ഇനിയും അക്രമം നടന്നേക്കാമെന്ന് മുന്‍കൂട്ടി കണ്ട് പോലീസ് സുരക്ഷ ശക്തമാക്കി. സംസ്ഥാന പോലീസ് മേധാവി കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
സുബൈറിന്റെ കൊലപാതകം സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ആരോപിച്ചു. ആഘോഷ ദിനങ്ങളെല്ലാം അക്രമത്തിനും രക്തച്ചൊരിച്ചിലിനും വേണ്ടി ആര്‍എസ്എസ് മാറ്റിവെച്ചിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. കൊലപാതകത്തില്‍ ഉന്നതതല ഗൂഢാലോചനയുണ്ട്. കാറിടിപ്പിച്ച ശേഷം വെട്ടിവീഴ്ത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കി സംസ്ഥാനത്ത് ക്രിമിനല്‍ സംഘത്തെ ആര്‍എസ്എസ് തയ്യാറാക്കി എന്ന അപകട സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് എ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.












Click it and Unblock the Notifications