'രാഹുൽ കയറിയത് ട്രോളി ബാഗ് വെച്ച കാറിൽ അല്ല'; പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം
യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ തള്ളി കൂടുതൽ സി സി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സി പി എം. കെ എസ് യു നേതാവ് ഫെന്നി നൈനാൻ ട്രോളി ബാഗ് വെച്ച കാറിന് പകരം മറ്റൊരു കാറിൽ കയറി പോകുന്ന രാഹുലിന്റെ ദൃശ്യങ്ങളാണ് സി പി എം പുറത്തുവിട്ടത്. കെ പി എം ഹോട്ടലിന്റെ പുറത്തുനിന്നുള്ള ദൃശ്യങ്ങളാണിത്.
ആദ്യം രാഹുൽ ഒരു കാറിൽ പോയി, പിന്നാലെ ട്രോളി ബാഗ് വെച്ച കാർ ഫെനി ഓടിച്ച് പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ഇരുവരും ഒരുമിച്ചാണ് ഹോട്ടലിൽ നിന്നും ഇറങ്ങിയത്. നീല ട്രോളി ബാഗിൽ ഉണ്ടായിരുന്നത് തനിക്ക് കോഴിക്കോടേക്ക് പോകാൻ ഉണ്ടായിരുന്ന വസ്ത്രങ്ങളാണെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നത്. തന്റെ വസ്ത്രങ്ങൾ നീല ട്രോളി ബാഗിൽ എടുത്ത ശേഷം കോഴിക്കോട്ടേക്ക് തിരിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അങ്ങനെയെങ്കിൽ ട്രോളി ബാഗ് വെച്ച കാറിൽ ആയിരുന്നല്ലോ രാഹുൽ കയറേണ്ടിയിരുന്നത് എന്നാണ് സി പി എം ചോദിക്കുന്നത്.

ഫെനി ഈ ട്രോളി ബാഗ് ഹോട്ടലിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങളും നേരത്തേ സി പി എം പുറത്തുവിട്ടിരുന്നു. ഹോട്ടലിൽ പരിശോധന നടത്തുന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ലെന്ന് സ്ഥാപിക്കാൻ എന്തിനാണ് രാഹുൽ ശ്രമിക്കുന്നതെന്നാണ് ഇടതുകേന്ദ്രങ്ങൾ ഉയർത്തുന്ന ചോദ്യം.
കോഴിക്കോട് വെച്ച് ചാനലിന് ബൈറ്റ് കൊടുക്കുമ്പോൾ കോഴിക്കോടുള്ള ഞാനെങ്ങനെ ആ ഹോട്ടലിൽ നിന്നിറങ്ങിവരുമെന്നാണ് രാഹുൽ ചോദിച്ചതെന്നും കോഴിക്കോട് നിന്ന് ലൈവ് വീഡിയോ ഇട്ടും ഇത് സ്ഥാപിക്കാൻ ശ്രമിച്ചുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു
'അടുത്ത ദിവസം ഉച്ചക്ക് ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധന നടക്കുന്ന ഘട്ടത്തിൽ പത്രസമ്മേളനം വിളിച്ച് ഞാനവിടെ ഉണ്ടായിരുന്നെന്ന് പറയുന്നു. അപ്പോൾ സ്ഥാനാർത്ഥി തന്നെ നുണ പറയുന്ന സാഹചര്യം എങ്ങനെ വന്നു.? ഇവർക്ക് എന്തൊക്കെയോ മറച്ചുവെക്കാനുണ്ടെന്ന് ഇതിൽനിന്നുതന്നെ വ്യക്തമാണ്',അദ്ദേഹം പറഞ്ഞു.
അതേസമയം മന്ത്രി എംബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യ സഹോദരനും ചേർന്നുണ്ടാക്കിയ തിരക്കഥയാണ് പാലക്കാട് ഉണ്ടായതെന്ന് ആവർത്തിക്കുകയാണ് കോൺഗ്രസ്. ബിജെപി, കോൺഗ്രസ്, സിപിഎം നേതാക്കളെല്ലാം താമസിക്കുന്ന സ്ഥലമാണ് ആ ഹോട്ടൽ. മാധ്യമപ്രവർത്തകരും ഉണ്ട് അവിടെ. അവിടെയാണോ ട്രോളിയിൽ ആരെങ്കിലും പണം കൊണ്ടുവരിക.ഇതൊക്കെയൊരു നാടകമാണ്. ഇവർ എന്തും ചെയ്യാൻ മടിക്കാത്തവരാണെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.












Click it and Unblock the Notifications