ചെറാട് മലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു, കരസേന മലമ്പുഴയിലെത്തി, താഴെയിറക്കുന്നത് നാളെ
മലമ്പുഴ: ചെറാട് മലയില്‍ കുടുങ്ങിയ യുവാവിന് വേണ്ടി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അതേസമയം കരസേന സംഘം മലമ്പുഴയിലെത്തിയിട്ടുണ്ട്. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് ആദ്യ പരിഗണന. 33 മണിക്കൂറില്‍ ഏറെയായി മലമ്പുഴ ചെറാട് സ്വദേശി ബാബുവിന് വെള്ളമോ ഭക്ഷണമോ ഒന്നും ലഭിച്ചിട്ടില്ല. അധികം ക്ഷീണിച്ചാല്‍ ബോധരഹിതനാവാനുള്ള സാധ്യത അടക്കം ശക്തമാണ്. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കരസേനയുടെ മറ്റൊരു യൂണിറ്റ് വെല്ലിംഗ്ടണില്‍ നിന്ന് വൈകീട്ട് പുറപ്പെട്ടിട്ടുണ്ട്. ഇവരും രാത്രിയില്‍ മലമ്പുഴയില്‍ എത്തും.

പര്‍വതാരോഹകര്‍ അടങ്ങുന്ന പതിനൊന്നംഗ കരസേനാ സംഘമാണ് ഊട്ടിയില്‍ നിന്ന് എത്തിയത്. കരസേനയുടെ യൂണിറ്റ് മലയാളിയായ ലെഫ്. കേണല്‍ ഹേമന്ത് രാജിന്റെ നേതൃത്വത്തില്‍ രക്ഷൗദൗത്യം തുടങ്ങിയിട്ടുണ്ട്. ഒന്‍പത് പേര്‍ അടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനത്തിനായി മലകയറി തുടങ്ങി. അതേസമയം യുവാവിനെ ബുധനാഴ്ച്ച രാവിലെ പുറത്തെത്തിക്കാനാണ് തീരുമാനം. കരസേനയുടെ ദക്ഷിണ്‍ ഭാരത് ജിഒസി അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറച്ചിട്ടുണ്ട്. നാവികസേനയോട് ജില്ലാ ഭരണകൂടം സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഹെലികോപ്ടര്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാദൗത്യം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുതിയ നീക്കം തുടങ്ങിയത്.
മലയില്‍ കുടുങ്ങിയിട്ട് രണ്ട് രാത്രിയും ഒരു പകലും പിന്നിട്ടെങ്കിലും ഇതുവരെ ബാബുവിന് വെള്ളമോ ഭക്ഷണമോ എത്തിക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ യുവാവിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് പാലക്കാട് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ബാബുവിനെ കാണാന്‍ കഴിഞ്ഞെങ്കിലും അടുത്തേക്ക് എത്താനായിട്ടില്ല. അതേസമയം ബാബു തന്നെയാണ് അപകടത്തില്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ എടുത്ത് സുഹൃത്തുക്കളെയും പോലീസിനെയും വിവരമറിയിച്ചത്. ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. കോസ്റ്റുഗാര്‍ഡിന്റെ ഹെലികോപ്ടര്‍ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് കാരണം യുവാവിന്റെ അരികിലേക്ക് എത്താനായിട്ടില്ല.
തിങ്കളാഴ്ച്ച വൈകീട്ടാണ് മലമ്പുഴ ചെറാട് സ്വദേശി ബാബു സുഹൃത്തക്കള്‍ക്കൊപ്പമാണ് മല കയറിയത്. എന്നാല്‍ കാല്‍വഴുതി താഴേക്ക് വീണ് മലയിടുക്കില്‍ കുടുങ്ങുകയായിരുന്നു. രാത്രിയോടെ തന്നെ പോലീസും ദുരന്തനിവാരണ സേനയും അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്ക് പോകാന്‍ സാധിച്ചില്ല. ഇവര്‍ രാത്രി മലമുകളില്‍ തന്നെ ക്യാമ്പ് ചെയ്യുകയായിരുന്നു. വന്യമൃഗങ്ങളെ അകറ്റാന്‍ തീപ്പന്തങ്ങള്‍ അടക്കം ഉപയോഗിച്ചാണ് സുരക്ഷയൊരുക്കിയത്. നേരത്തെ റോപ്പ് ഉപയോഗിച്ചായിരുന്നു ബാബു കുടുങ്ങി കിടക്കുന്ന സ്ഥലത്തേക്ക് എത്താനുള്ള ശ്രമം. എന്നാല്‍ ചെങ്കുത്തായ മലയായതിനാല്‍ റോപ് കെട്ടാനോ താഴേക്ക് ഇറക്കാനോ സാധിക്കാതെ വന്നു. ഇതോടെ ആ ശ്രമവും ഉപേക്ഷിച്ചു.












Click it and Unblock the Notifications