സഞ്ജിത്ത് കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷിച്ചാൽ മാത്രമേ കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന പുറത്തുവരികയുള്ളുവെന്നും കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസന്വേഷിക്കുന്നത്.
സഞ്ജിത്ത് കൊല്ലപ്പെട്ട് 38 ദിവസം പിന്നിടുമ്പോഴും നിലവിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികളെ മാത്രമാണ് പൊലീസിന് ഇതു വരെ പിടികൂടാൻ കഴിഞ്ഞത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇനിയും അഞ്ചു പ്രതികൾ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാകാനുണ്ട്. ഇവരിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും ഉൾപ്പെടുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഗൂഢാലോചനയിൽ പങ്കുള്ള എട്ടു പ്രതികൾ സംഭവുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് പൊലീസ് പറയുമ്പോഴും മൂന്നു പേരെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞിട്ടുള്ളത്. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്നാണ് സഞ്ജിത്തിൻ്റെ കുടുംബം പറയുന്നത്. ഈ സാഹചര്യത്തിലാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇനി പിടികൂടാനുള്ള അഞ്ചു പ്രതികളുടെയും പേരുവിവരങ്ങൾ ലഭ്യമായിട്ടുള്ളതായും ഇവരെ പിടികൂടുന്നതിന് അന്വേഷണം ഊർജിതമാക്കിയതായു പൊലീസ് പറയുന്നു. പക്ഷേ, കൊലപാതകം നടന്ന് 38 ദിവസം പിന്നിടുമ്പോഴും ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാനാകാത്തത് പൊലീസിന് നാണക്കേടുണ്ടാക്കുകയാണ്.
സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
നവംബർ 15നാണ് പാലക്കാട് മമ്പറത്ത് ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ ബൈക്ക് തടഞ്ഞു നിർത്തി പട്ടാപ്പകൽ വെട്ടികൊലപ്പെടുത്തിയത്. തുടർന്ന് നേരത്തെ ഐജിയുടെ നേതൃത്വത്തിൽ കേസന്വേഷണ പുരോഗതി വിലയിരുത്തുകയും എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തിരുന്നു. പക്ഷേ, എങ്കിലും ഇതുവരെയും ബാക്കിയുള്ള പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications