ഇത്തവണത്തെ ഓണമുണ്ണാന്‍ ശശി തരൂര്‍ പാലക്കാട്ട്; കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ച് തരൂര്‍
പാലക്കാട്: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഓണം നാട്ടില്‍ ആഘോഷിക്കാന്‍ എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പാലക്കാട് എലവഞ്ചേരിക്കടത്ത് അദ്ദേഹത്തിന്റെ മുണ്ടാരത്ത് തറവാട്ടിലാണ് ഇത്തവണ ഓണം. കുടുംബത്തോടൊപ്പം എത്തിയാണ് അദ്ദേഹം ഓണം ആഘോഷിക്കുന്നത്. അവിടെ പുത്തരി ഊണ് ചടങ്ങും നടക്കുന്നുണ്ട്.
തറവാട്ട് മുറ്റത്തെ മാവിന്റെ മുകളിലുള്ള മാങ്ങ എറിഞ്ഞുവീഴ്ത്തിയ കഥ പറഞ്ഞമാണ് ശശി തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. കഴിഞ്ഞ തവണ തറവാട്ടിലെത്തിയത് സുനന്ദയുമായുള്ള കല്യാണത്തിന് വേണ്ടിയായിരുന്നു. ഓണ സമയത്തായിരുന്നു വിവാഹം നടന്നതെന്ന് തരൂര്‍ പറയുന്നു.
ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

അമ്മയുടെ തറവാടാണിത്, അമ്മയ്ക്ക് സഹോദരങ്ങളായി ഏഴ് പേരുണ്ട്. അതില്‍ അമ്മയാണ് ഏറ്റവും മൂത്തത്. നാല് ആണുങ്ങളും നാല് പെണ്ണുങ്ങളുമാണ്. അമ്മയുടെ 20ാം വയസിലാണ് ഞാന്‍ ജനിക്കുന്നത്. എനിക്ക് താഴെ പ്രായമുള്ള ഒരു അമ്മാവന്‍ ഉണ്ടെന്നും തരൂര്‍ ചിരിയോടെ പറഞ്ഞു. തറവാട്ട് മുറ്റത്ത് നിന്ന് ഫുട്‌ബോളും ക്രിക്കറ്റും കളിച്ചിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ശശി തരൂരിന് ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു. സുനന്ദ പുഷ്‌കര്‍ കേസുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹം കുറ്റവിമുക്തനായിരുന്നു. കേസില്‍ ശശി തരൂരിനെതിരായി ഒരു തെളിവും ഹാജരക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്ന് വിലയിരുത്തിയ കോടതി ശശി തരൂരിനെ കുറ്റ വിമുക്തനാക്കുകയായിരുന്നു.
സുനന്ദ പുഷ്‌കര്‍ ദൂരൂഹ മരണക്കേസില്‍ ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതായിരുന്നു കോടതി പരിഗണിച്ചിരുന്നത്. ഇതിന് മുമ്പ് വിധി പറയനായി മൂന്ന് തവണ തീയതി നിശ്ചയിച്ചെങ്കിലും മാറ്റിവെച്ച കേസിലാണ് ഇന്ന് വിധി പ്രസ്താവം ഉണ്ടായത്. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ വാദം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ദില്ലി റോസ് അവന്യൂ കോടതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications