‘വിദേശ നോട്ടുമായി പിടിയിൽ, ഇന്ത്യൻ രൂപ വേണം’; മലയാളിയെ നൈജീരിയൻ സ്വദേശി പറ്റിച്ചതിങ്ങനെ
പാലക്കാട് ∙ ഓൺലൈൻ വഴി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. റെയ്‌മണ്ട് ഉനിയാമ എന്ന നൈജീരിയൻ സ്വദേശി ആണ് അറസ്റ്റിലായത്. ഡൽഹിയിൽ നിന്നാണ് പാലക്കാട് സൈബർ പൊലീസ് ഇയാളെ പിടികൂടിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കൂറ്റനാട് സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലാണ് അറസ്റ്റ്. നവംബറിൽ കൂറ്റനാട് സ്വദേശിയിൽനിന്ന് റെയ്‌മണ്ട് ഉനിയാമ വ്യത്യസ്ത സമയങ്ങളിലായി 21 ലക്ഷത്തിലധികം രൂപ തട്ടിയിരുന്നു.
പരാതിക്കാരന്റെ ജൻമദിനം ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ സമ്മാനം നൽകാനും നേരിൽ കാണാനും ആഗ്രഹം ഉണ്ടെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. കേരളത്തിലേക്കുള്ള യാത്രയിലാണെന്നും അറിയിക്കുകയും ചെയ്തു. വിദേശ കറൻസിയുമായി വിമാനത്താവളത്തിൽ പിടിയിൽ ആയെന്നും രക്ഷപ്പെടാൻ ഇന്ത്യൻ രൂപ അടയ്ക്കണമെന്നും പറഞ്ഞു.

ഈ സാഹചര്യം മുതലെടുത്താണ് ബാങ്ക് അക്കൗണ്ടിലൂടെ കൂടിയ തുക റെയ്‌മണ്ട് ഉനിയാമ തട്ടിയത്. പണം കൈക്കലാക്കിയതിന് ശേഷം സൂഹമാധ്യമങ്ങളിൽ നിന്നുൾപ്പെടെ ഇയാളെ കാണാതായി. ഇത് സംശയത്തിന് ഇടയാക്കി.
പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. ഫോൺവിളികൾ പിന്തുടർന്നുമൊക്കെയാണ് ഡൽഹിയിൽ എത്തി സൈബർ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. സമാനരീതിയിൽ കൂടുതലാളുകൾ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് നിഗമനം.
ഒരാൾക്ക് മാത്രമായി തട്ടിപ്പ് നടത്താൻകഴിയില്ലെന്നാണ് പൊലീസ് കരുതുന്നത്. അടുത്തിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സമാനമായ തട്ടിപ്പുകൾ നടന്നിരുന്നു. ഈ കേസുകളിൽ ഇയാൾക്ക് ഏതെങ്കിലും തരത്തിൽ പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.












Click it and Unblock the Notifications