43 വർഷത്തെ ചരിത്രം തിരുത്തി: പത്തനംതിട്ട കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണം പിടിച്ച് എല്‍ഡിഎഫ്
പത്തനംതിട്ട: നാല്പത്തി മൂന്ന് വർഷത്തെ ചരിത്രം തിരുത്തി പത്തനംതിട്ട കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വിജയം. വന്‍ ഭൂരിപക്ഷത്തിലാണ് യു ഡി എഫില്‍ നിന്നും എല്‍ ഡി എഫ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. എല്‍ ഡി എഫ് പാനലിലെ 13പേരും വിജയിച്ചു. പതിറ്റാണ്ടുകളായി യു ഡി എഫ് ഭരിച്ചുകൊണ്ടിരുന്ന ബാങ്കാണ് പത്തനംതിട്ട കാര്‍ഷിക ഗ്രാമ വികസന ബാങ്ക്.
ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍ ബാങ്ക് പ്രസിഡന്റായേക്കും. തിരഞ്ഞെടുപ്പിനിടെ യു ഡി എഫ് - എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. കള്ളവോട്ട് ആരോപിച്ച് ഇരുവിഭാഗവും രംഗത്ത് വന്നു. സംഘർഷത്തിനിടെ മുന്‍ എം എല്‍ എ കെ സി രാജഗോപാലിന് മര്‍ദ്ദനമേറ്റിരുന്നു. മര്‍ദ്ദനമേറ്റ കെ സി രാജഗോപാലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്.

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ രണ്ട് യുവാക്കളില്‍നിന്ന് പൊലീസ് കഞ്ചാവും പിടികൂടി. കൊടുമണ്‍ സ്വദേശികളായ രണ്ടുപേരില്‍നിന്നാണ് കഞ്ചാവ് പൊതികള്‍ പിടിച്ചത്. ഇവരില്‍നിന്ന് യു ഡി എഫ് വോട്ടിങ് സ്ലിപ്പും കണ്ടെടുത്തിട്ടുണ്ട്. സംശയം തോന്നിയ പൊലീസ് യുവാക്കളോട് തിരിച്ചറിയല്‍ കാർഡ് ആവശ്യപ്പെടുകയായിരുന്നു. പോക്കറ്റില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുന്നതിനിടെ പോക്കറ്റിലുണ്ടായിരുന്ന കഞ്ചാവ് പൊതികളും നിലത്തുവീഴുകയായിരുന്നു. ഇരുവരും യു ഡി എഫ് പ്രവർത്തകരാണെന്നും അവർ കള്ളവോട്ടിന് എത്തിയതാണെന്നും എല്‍ ഡി എഫ് ആരോപിച്ചു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ഒരേ അംഗത്തിന് തന്നെ രണ്ടും മൂന്നും തിരിച്ചറിയല്‍ കാര്‍ഡ് വിവിധ അംഗത്വ നമ്പറുകളിൽ വിതരണം ചെയ്യാൻ ശ്രമം നടന്നതായും സി പി എം നേതാക്കള്‍ പറഞ്ഞു. അതേസമയം, അടുത്തിടെ നടന്ന പത്തനംതിട്ട സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലൂടെ യു ഡി എഫ് നിലനിർത്തിയിരുന്നു. ഭരണസമിതി അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പത്തിലും യു ഡി എഫ് വിജയിച്ചു. ഒരു സീറ്റില്‍ മാത്രമാണ് സി പി എമ്മിന് വിജയിക്കാനായത്. സർവ്വീസ് സഹകരണ ബാങ്കിലും വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപണമുണ്ടായിരുന്നു.












Click it and Unblock the Notifications