മലപ്പുറത്ത് നിന്നും ബൈക്കില്‍ പത്തനംതിട്ടയിലെത്തി പതിനേഴുകാരിക്ക് പീഡനം: പതിനെട്ടുകാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. മലപ്പുറം കുറ്റിപ്പാല സുഖപുരം ഐക്കാപ്പാടം വേങ്ങാപ്പറമ്പിൽ അഭിനന്ദ് (18) ആണ് അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടിയാണ് പീഢനത്തിന് ഇരയായത്. മലപ്പുറത്ത് നിന്നും പത്തനംതിട്ടയില്‍ എത്തിയായിരുന്നു പീഡനം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തശേഷം പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പ്രതി പലതവണയായി പെൺകുട്ടിയുടെ വീട്ടിലും,സ്കൂളിലും എത്തി കാണുകയും, രണ്ടുതവണ പത്തനംതിട്ടയില്‍ എത്തി സ്കൂളിൽ നിന്നും വിളിച്ചിറക്കി ആലപ്പുഴ ബീച്ചിൽ കൊണ്ടുപോയി ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തതായാണ് പരാതി. ഒരു വർഷത്തിലേറെയായി ഇരുവരും തമ്മില്‍ പരിചയമുണ്ട്. കഴിഞ്ഞവർഷം മാർച്ചിൽ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
വീട്ടില്‍ വെച്ചും പീഡനം നടന്നു. ജൂണിൽ പെൺകുട്ടിക്ക് ഫോൺ കൊണ്ടുക്കൊടുക്കാനായി വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിച്ചപ്പോൾ പെണ്‍കുട്ടി പീഢനത്തിന് ഇരയായതായി വ്യക്തമാവുകയായിരുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ ശക്തമായ അന്വേഷണമായിരുന്നു പൊലീസ് നടത്തിയത്. പത്തനംതിട്ടയിലേക്ക് യുവാവ് എത്തിക്കൊണ്ടിരുന്ന സ്കൂട്ടർ അടവ് മുടങ്ങിയതിനെ തുടർന്ന് ഫിനാന്‍സ് സ്ഥാപനം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം രഹസ്യമായി മലപ്പുറത്ത് എത്തിയ പൊലീസ് വീടിന് സമീപത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications