പത്തനംതിട്ടയില്‍ സിപിഐയില്‍ ജില്ലാ സെക്രട്ടറിക്കെതിരെ പടയൊരുക്കും: രാജിവെച്ചാല്‍ പാർട്ടിക്ക് പുറത്ത്
സമ്മർദത്തിന് വഴങ്ങി സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടി വന്നാല്‍ ജയന്‍ സി പി ഐ വിട്ട് മറ്റ് പാർട്ടികളിലേക്ക് പോയേക്കുമെന്നാണ് സൂചന

പത്തനംതിട്ട: പത്തനംതിട്ട സി പി ഐയില്‍ തർക്കം രൂക്ഷമാവുന്നു. പാർട്ടി ജില്ലാ സെക്രട്ടറി എപി ജയന് എതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിന് പിന്നാലെയാണ് പാർട്ടിയിലെ വിഭാഗീയത വീണ്ടും തലപൊക്കി തുടങ്ങിയത്. ആരോപണത്തില്‍ അന്വേഷണ നടക്കുന്ന സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ജയന്‍ തുടരുന്നത് ധാർമ്മികമായി ശരിയല്ലെന്നും അതിനാല്‍ എത്രയും പെട്ടെന്ന് പദവി രാജിവെക്കണമെന്നുമാണ് എതിർവിഭാഗാം ആവശ്യപ്പെടുന്നത്.
സമ്മർദത്തിന് വഴങ്ങി സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടി വന്നാല്‍ ജയന്‍ സി പി ഐ വിട്ട് മറ്റ് പാർട്ടികളിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങളും ജില്ലയില്‍ ശക്തമാണ്. സ്വത്ത് സമ്പാദന കേസില്‍ ജില്ലാ സെക്രട്ടറിക്കെതിരായി ഉയർന്ന ആരോപണം അന്വേഷിക്കാന്‍ നാലംഗ കമ്മീഷനെ നിയോഗിക്കാന്‍ സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനിച്ചിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുകച്ച് പുറത്താക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണ് തനിക്കെതിരായ നീക്കമെന്നാണ് ജയന്‍ വ്യക്തമാക്കുന്നത്.

ഒരു അഴിമതിയും നടന്നിട്ടില്ലെന്നും എല്ലാം കെട്ടിച്ചമച്ചതാെണന്നും ജയന്‍ അനുകൂലികള്‍ വ്യക്തമാക്കുന്നു. ജില്ല സമ്മേളനം മുതലാണ് പാർട്ടിയിൽ വിഭാഗീയത രൂക്ഷമായത്. എ.പി. ജയന് എതിരെ എ ഐ വൈ എഫ് നേതാവും ജില്ല പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. ജയന്‍റെ കുടുംബാംഗങ്ങൾ ചേർന്ന് അടൂർ പെരിങ്ങനാട് 14ാം മൈലിൽ ഒന്നര ഏക്കർ ഭൂമിയിൽ ആരംഭിച്ച ഡെയറി ഫാം ആറുകോടിയുടേതാണെന്നും പണത്തിന്‍റെ സ്രോതസ്സ് അന്വേഷിക്കണമെന്നുമാണ് ആവശ്യം.
ജയന്‍റെ ഭാര്യയും മകളും മരുമകനും ചേർന്ന് ആരംഭിച്ച ഫാമില്‍ രണ്ട് സുഹൃത്തുക്കളും പങ്കാളികളികളാണ്. ജയനെതിരായ പരാതിയില്‍ നേരത്തേ സംസ്ഥാന നിർവാഹക സമിതി അംഗം കെ.കെ. അഷ്റഫ് അന്വേഷണം നടത്തിയിരുന്നു. രണ്ട് കോടി മുതൽ മുടക്കാനാണ് തീരുമാനിച്ചതെന്നും 78 ലക്ഷം രൂപവരെയാണ് ഇതുവരെ ചിലവഴിച്ചതെന്നുമാണ് കെ.കെ. അഷ്റഫ് കമീഷന്‍റെ റിപ്പോർട്ടിലുള്ളതെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
ഈ റിപ്പോർട്ടിന്‍മേലാണ് തുടരന്വേഷണത്തിനായി കെ.കെ. അഷ്റഫിനെക്കൂടി ഉൾപ്പെടുത്തി പാർട്ടിയുടെ മറ്റ് സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ആർ. രാജേന്ദ്രൻ, സി കെ ശശിധരൻ, പി വസന്തം എന്നിവരടങ്ങിയ നാലംഗ കമീഷനെ തുടരന്വേഷണത്തിന് പാർട്ടി നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് പരാതിയില്‍ കഴമ്പുണ്ടെന്ന് സംസ്ഥാന നേതൃത്വത്തിന് ബോധ്യമായെന്ന തരത്തില്‍ ജയന്‍ വിരുദ്ധ പക്ഷം പ്രചരണം ശക്തമാക്കിയത്.
എന്നാല്‍ ജയന്‍ നിരപരാധിയാണെന്നും വിദേശത്തുള്ള മകളുടെ ഭർത്താവിന്‍റെ നേതൃത്വത്തിലുള്ള പശുവളർത്തൽ ഫാം സംരംഭത്തിൽ നാമമാത്രമായ പങ്കാളിത്തമാണ് സെക്രട്ടറിക്കുള്ളതെന്നുമാണ് ജയന്‍ അനുകൂലികള്‍ വ്യക്തമാക്കുന്നത്. നേരത്തെ കാനം വിരുദ്ധ ചേരിയിലായിരുന്നു ജയനെങ്കിലും മൂന്നാംവട്ടവും ജില്ല സെക്രട്ടറിയായശേഷം പക്ഷം മാറി സംസ്ഥാന നേതൃത്വവുമായി ഒത്തുപോകുന്ന നിലപാട് സ്വീകരിച്ചു.












Click it and Unblock the Notifications