പൊല്ലാപ്പായി കൂട്ട ടൂർ: കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി
മാധ്യമങ്ങളിലൂടെ വാർത്ത പുറത്ത് വന്നതിന് ശേഷമാണ് മന്ത്രിയുടെ ഇടപെടല്‍

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്ത് വിനോദ യാത്ര പോയ സംഭവത്തില്‍ കർശന നടപടിക്ക് സർക്കാർ. കുറ്റക്കാരായ ജീവനക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. അന്വേഷണത്തിന് പത്തനംതിട്ട കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റവന്യുമന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥർ കൂട്ടമായി അവധിയെടുത്തത് ഗുരുതരമായം സംഭവമാണ് സംഭവത്തില്‍ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ വിശദമായ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം മന്ത്രിക്ക് നല്‍കണം. അതേസമയം പ്രാഥമിക റിപ്പോർട്ട് ഇന്ന് തന്നെ നല്‍കണം. വിശദമായ റിപ്പോർട്ട് ലഭിച്ചാലുടന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടിയുണ്ടാവുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. കോന്നി താലൂക്ക് ഓഫീസില്‍ 20 ജീവനക്കാര്‍ ലീവ് എടുക്കാതെയും 19 ജീവനക്കാര്‍ ലീവിന് അപേക്ഷ നല്‍കിയും മൂന്നാറിലേക്ക് വിനോദയാത്ര പോയതാണ് വിവാദമായത്.

അതേസമയം ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്രയ്ക്ക് പോയ സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവർത്തകര്‍ രംഗത്തെത്തി. പാടം, ചിറ്റാർ, തണ്ണിത്തോട്, കൊക്കാത്തോട് തുടങ്ങിയ മലയോര പ്രദേശങ്ങളിൽ നിന്നുൾപ്പെടെ നൂറ് കണക്കിന് സാധാരണക്കാർ അവരുടെ ഭൂമിയുടെ തരം മാറ്റം, പഠനാവശ്യങ്ങൾക്കുള്ള സർട്ടിഫിക്കേറ്റുകൾ, പട്ടയം,ചികിത്സാ സഹായം, ഉൾപ്പെടെയുള്ള വിഷയങ്ങളിൽ താലൂക്ക് ഓഫീസിനെ ആശ്രയിക്കുവാനായി എത്തിച്ചേർന്നപ്പോളാണ് തഹസീൽദാർ ഉൾപ്പെടെ 40 ൽ പരം ജീവനക്കാർ അവധിയിലാണെന്ന് അറിയുന്നത്.
യാതൊരു വിധത്തിലുള്ള മാനദണ്ഡവും പാലിക്കാതെ പലരും അവധിയ്ക്ക് അപേക്ഷ പോലും കൊടുക്കാതെയാണ് ഇത്തരത്തിൽ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്രയ്ക്ക് പോയതെന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഭരണത്തിന്റെ തണലിൽ ജനങ്ങളെ വെല്ലുവിളിക്കുന്ന നടപടിയ്ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ സമരവുമായി സമരമുഖത്താണ്. ജനകീയ വിഷയത്തിൽ ജനങ്ങളോടൊപ്പം നിന്നതിന്റെ പേരിൽ പോലീസ് അറസ്റ്റു ചെയ്ത് നീക്കിയത് ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണം കൂടിയാണ്. നിയമ വിരുദ്ധമായി കൂട്ട അവധിയിൽ പോയി സാധാരണ ജനങ്ങളോട് കാട്ടുന്ന വെല്ലുവിളിയ്ക്കെതിരെ പാര്‍ട്ടി ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുകയാണ്. കുറ്റകരമായ അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ നടപടി എടുക്കുന്നത് വരെ സമരം തുടരുക തന്നെ ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് റോജി ഏബ്രഹാം സമര പ്രഖ്യാപനം നടത്തി.ശ്യാം എസ് കോന്നി,ഫൈസൽ കോന്നി, തോമസ് കാലായിൽ, ഷംന, റോബിൻ കാരാവള്ളിൽ, ആസിഫ് കോന്നി, സൂരജ് കോന്നി എന്നിവരും സമരത്തില്‍ പങ്കാളികളായി.












Click it and Unblock the Notifications