വഴിയരികിൽ നോട്ടുകൾ നിറഞ്ഞ ചാക്കും പുതിയ സെറ്റ്സാരിയും; പരിഭ്രാന്തിയിൽ നാട്ടുകാർ
പത്തനംതിട്ട: വഴിയരകിൽ ഉപേക്ഷിച്ച നിലയിൽ നോട്ടുകൾ നിറഞ്ഞ ചാക്കും പുത്തൻ സെറ്റ് സാരിയും കണ്ടെത്തി. പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളുടെ അതിർത്തിയിൽ പരുവേലി തോടിന്റെ കലുങ്കിനു സമീപം ആണ് പ്ലാസ്റ്റിക് ചാക്കിൽ നോട്ടുകൾ കണ്ടെത്തിയത്. പത്ത്, ഇരുപത്, അമ്പത്, നൂറ് എന്നീ നോട്ടുകളാണു ചാക്കിൽ ഉണ്ടായിരുന്നത്.
ചാക്കിന്റെ തൊട്ടടുത്തായി കവർ പൊട്ടിക്കാത്ത പുതിയ സെറ്റ്സാരിയും കണ്ടെത്തി. പത്തനംതിട്ട പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കോന്നിയിലെ ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നു വാങ്ങിയ സാരിയാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. രാവിലെ എട്ടരയോടെ പ്രദേശവാസികളായ സ്ത്രീകളാണു പണ അടങ്ങിയ ചാക്ക് കണ്ടത്.

സാരി കണ്ടു നോക്കിയപ്പോൾ ആണ് ചാക്കിൽ പണം കണ്ടെത്തിയത്. അതേ സമയം ഈ വഴി രാവിലെ നടക്കാൻ പോയവർ ആരും പണം കണ്ടിരുന്നില്ല. ഇവിടെ പതിവായി മാലിന്യം നിക്ഷേപിക്കുന്നതായിട്ടി പരാതി ഉണ്ട്.
മദ്യ കുപ്പികളും മാലിന്യവും പതിവായി ഉപേക്ഷിക്കുന്ന സ്ഥലമാണ് ഇതെന്നാണ് പറയുന്നത്. ഇതിന് സമീപം ആണ് സാരിയും പണവും കണ്ടെത്തിയത്.പത്തനംതിട്ട പൊലീസ് ഡോഗ് സ്ക്വാഡിന്റെയും ഫോറൻസിക് വിദഗ്ധരുടെയും സഹായം തേടിയിട്ടുണ്ട്.
എസ്എച്ച്ഒ ജോബി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ട്. മോഷണ മുതൽ ആണെന്ന സംശയത്തിലാണു പൊലീസ്. കോന്നി എൻഎസ് ടെക്സ്റ്റൈൽസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.












Click it and Unblock the Notifications