കോണ്‍ഗ്രസ് അല്ലാതെ മറ്റാരും ജയിച്ചിട്ടില്ലാത്ത പത്തനംതിട്ട: കൂട്ടത്തിലെ ഇളയവന്‍, അറിയാം മണ്ഡല ചരിത്രം
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക്സഭ മണ്ഡലങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന മണ്ഡലമാണ് പത്തനംതിട്ട. 2009 ല്‍ മാത്രം രൂപീകൃതമായ മണ്ഡലം കഴിഞ്ഞ മൂന്ന് തവണയും കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായി നില്‍ക്കുകയും ചെയ്യുന്നു. മൂന്ന് തവണയും വിജയിച്ച ആന്റോ ആന്റണി ഒരിക്കല്‍ കൂടി പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരത്തിന് ഇറങ്ങുന്നു.
മണ്ഡല ചരിത്രം
2008 ലെ മണ്ഡല പുനഃർനിർണ്ണയത്തിലൂടെയാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം നിലവില്‍ വരുന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിയെ കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയപ്പോള്‍ അഡ്വ. കെ അനന്ത ഗോപനായിരുന്നു സി പി എം സ്ഥാനാർത്ഥി. ബി ജെ പിക്ക് വേണ്ടി ബി രാധാകൃഷ്ണമനേോനും മത്സരിച്ചു. മണ്ഡലത്തിലെ കന്നിയങ്കത്തില്‍ 1.11 ലക്ഷം വോട്ടിനായിരുന്നു യുഡിഎഫ് വിജയം. 2014 ല്‍ ഇടതുപക്ഷം സ്വതന്ത്രനായി പീലിപ്പോസ് തോമസിനെ രംഗത്ത് ഇറക്കിയെങ്കിലും 56191 വോട്ടിന് ആന്റോ ആന്റണി വീണ്ടും വിജയിച്ചു. ബി ജെ പിക്ക് വേണ്ടി മത്സരിച്ച എംടി രമേശ് പാർട്ടിയുടെ വോട്ട് ആദ്യമായി ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയർത്തി.

2019 ലെ മത്സരം
ബി ജെ പി സ്ഥാനാർത്ഥിയായി പാർട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ രംഗത്ത് ഇറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതിയായിരുന്നു കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ഉണ്ടായിരുന്നത്. ആന്റോ ആന്റണി തന്നെയായിരുന്നു മൂന്നാമതും യു ഡി എഫ് സ്ഥാനാർത്ഥിയെങ്കിലും എല്‍ ഡി എഫിന് വേണ്ടി മത്സരിച്ചത് എം എല്‍ എ കൂടിയായ വീണ ജോർജ് ആയിരുന്നു.
മത്സര ഫലത്തില്‍ പത്തനംതിട്ട പതിവ് തെറ്റിച്ചില്ലെങ്കിലും വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ കാര്യമായ വ്യത്യാസമുണ്ടായി. ആന്റോ ആന്റണിക്ക് 380927 വോട്ടുകള്‍ ലഭിച്ചപ്പോള്‍ വീണ ജോർജ് 336684 വോട്ടുമായി രണ്ടാം സ്ഥാനത്ത് എത്തി. ആന്റോ ആന്റണിയുടെ ഭൂരിപക്ഷം 44243. 297396 വോട്ടുമായി മൂന്നാമത് എത്തിയ കെ സുരേന്ദ്രന്റെ പ്രകടനവും ശ്രദ്ധേയമായി.
സ്ഥാനാർത്ഥികള്‍
മണ്ഡലത്തില്‍ ആദ്യമായി എത്തുന്ന ഔദ്യോഗിക സ്ഥാനാർത്ഥി എല്‍ ഡി എഫിന്റേത്. പാർട്ടി പിബി അംഗവും മുന്‍ ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്കിനെയാണ് മണ്ഡലം പിടിക്കാനായി എല്‍ ഡി എഫ് ചുമതലപ്പെടുത്തിയത്. പിന്നാലെ ബി ജെ പി സ്ഥാനാർത്ഥിയായി എന്റെ ആന്റണിയുടെ മകനായ അനില്‍ ആന്റണിയുമെത്തി. സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച് ബി ജെ പിയില്‍ എത്തിയ പിസി ജോർജ് കടുത്ത എതിർപ്പുമായി പിന്നാലെ എത്തിയത് ബി ജെ പിക്ക് തലവേദനയായി മാറുകയും ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായില്ലെങ്കിലും ആന്റോ ആന്റണി കോണ്‍ഗ്രസിന് വേണ്ടി മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ച് കഴിഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിലെ പത്തനംതിട്ട
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പുഞ്ഞാർ എന്നീ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, കോന്നി, ആറന്മുള, അടൂർ എന്നീ അഞ്ച് നിയോജക മണ്ഡലങ്ങളും അടങ്ങുന്നതാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴ് നിയോജ മണ്ഡലങ്ങളിലും വിജയിച്ച് എല്‍ ഡി എഫ് ആയിരുന്നു.
കാഞ്ഞിരപ്പള്ളി (13703), പുഞ്ഞാർ (16581), തിരുവല്ല (8262), റാന്നി (1285), കോന്നി (8508), ആറന്മുള (19003), അടൂർ (2919) എന്നിങ്ങനെയായിരുന്നു നിയോജക മണ്ഡലങ്ങളിലെ ഇടത് ഭൂരിപക്ഷം. നിയമസഭ തിരഞ്ഞെടുപ്പിലെ ആകെ ഇടത് ഭൂരിപക്ഷം 70261.












Click it and Unblock the Notifications