കുത്തിയൊലിച്ചൊഴുകുന്ന പുഴയില്‍ മരത്തടി, 'മുള്ളന്‍കൊല്ലി വേലായുധനായി' മൂവര്‍ സംഘം; വൈറല്‍ വീഡിയോ
പത്തനംതിട്ട: സീതത്തോട് കനത്ത മഴയില്‍ ആറ്റിലൂടെ മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ അതില്‍ ഒഴുകി എത്തുന്ന മരത്തടി പിടിക്കാന്‍ യുവാക്കള്‍. കുത്തൊഴുക്കില്‍ കക്കാട്ടാറ്റിലൂടെ ഒഴുകി വരുന്ന തടി പിടിക്കാന്‍ മൂന്നംഗ യുവാക്കളുടെ സാഹസിക നീന്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
അടിവേരോടെ ഒഴുകി വന്ന മരത്തടിയുടെ മുകളില്‍ ഇരുന്ന് ഒരു കിലോമീറ്ററോളം ഇവര്‍ നീന്തിപ്പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരേ സമയം അഭിനന്ദനവും വിമര്‍ശനവും ഏറ്റുവാങ്ങുന്നുണ്ട്. എന്നാല്‍ മരത്തടി കരയ്ക്ക് അടുപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മൂവരും ഇത് ഉപേക്ഷിച്ച് കരയിലേക്ക് നീന്തി കയറി.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കോട്ടമണ്‍പാറ ഗ്രൗണ്ട് പടിക്കല്‍ നിന്നാണ് ഇരു കര മുട്ടിയൊഴുകുന്ന കക്കാട്ടാറ്റിലൂടെ കോട്ടമണ്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘം മരത്തടി പിടിക്കാന്‍ കക്കാട്ടാറ്റിലേക്ക് ചാടിയിറങ്ങിയത്.
മരം ഒഴുകി വരുന്നത് കണ്ട ഇവര്‍ മൂന്ന് പേരും ആറ്റിലേക്ക് ചാടിയിറങ്ങുകയായിരുന്നു. മരത്തിന് മുകളില്‍ നീന്തിയെത്തി കയറിയെങ്കിലും മരം കരക്ക് അടുപ്പിക്കാന്‍ ഇവര്‍ക്കായില്ല. ഉറുമ്പിനി വെള്ളച്ചാട്ടത്തിനു സമീപം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം തടിയുടെ മുകളില്‍ ഇരുന്നായിരുന്നു ഇവരുടെ യാത്ര.
മാലിദ്വീപില്‍ കലക്കന്‍ ചിത്രങ്ങളുമായി സാധിക...എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍
തടി കരയിലേക്കു അടുപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മൂവരും ആറ്റില്‍ ചാടി കരയിലേക്കു നീന്തി. ഇവരുടെ സുഹൃത്ത് അര്‍ജുനാണ് തടി നീന്തി പിടിക്കുന്നതിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വിഡിയോ ഹിറ്റാവുകയും ചെയ്തു.
നരന്‍ സിനിമയില്‍ മോഹന്‍ലാല്‍ ചെയ്ത മുള്ളന്‍കൊല്ലി വേലായുധന്‍ എന്ന കഥാപാത്രം മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന മരം പിടിക്കുന്നയാളുടേതായിരുന്നു. ഈ സിനിമയിലെ ഓ..ഓ..നരന്‍ എന്ന പാട്ടും ചേര്‍ത്താണ് യുവാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇതിനോടകം പതിനായിരക്കണക്കിന് ആളുകളാണ് വിഡിയോ കണ്ട് കഴിഞ്ഞത്. കാലവര്‍ഷം ആരംഭിച്ചാല്‍ ആറ്റിലൂടെ ഒഴുകിയെത്തുന്ന തടികള്‍ പിടിക്കുന്നതാണ് ഈ പ്രദേശത്തെ യുവാക്കളുടെ പ്രധാന വിനോദം. മിക്കവര്‍ക്കും നീന്തല്‍ നല്ല വശമാണ്. എന്നാല്‍ വീഡിയോക്ക് താഴെ പലരും മുന്നറിയിപ്പുകളും വിമര്‍ശനങ്ങളും കമന്റായി രേഖപ്പെടുത്തുന്നുണ്ട്. മലവെള്ളപ്പാച്ചിലില്‍ ഇത്തരം അഭ്യാസങ്ങളെ പ്രോത്സാഹിപ്പിക്കരുത് എന്നാണ് ചിലര്‍ പറയുന്നത്.












Click it and Unblock the Notifications