ഹൈക്കോടതി പറഞ്ഞിട്ടും രക്ഷയില്ല.... വാഹനങ്ങള്‍ അതേ സ്ഥലത്ത് തന്നെ, തുരുമ്പെടുക്കുന്നു!!
റാന്നി: ലോക്ഡൗണ്‍ കാലത്ത് ഹൈക്കോടതി വിധികള്‍ പലതും നടപ്പാക്കാനാവാത്ത അവസ്ഥയാണ്. അതിനൊപ്പം പോലീസുകാര്‍ കൂടി നിശബ്ദരായാലോ. അത്തരമൊരു സാഹചര്യത്തിലാണ് പത്തനംതിട്ടയിലെ റാന്നി പോലീസ് സ്‌റ്റേഷന്‍. ഇവിടെ നിരവധി വാഹനങ്ങളാണ് വില്‍പ്പനയ്ക്കുള്ളത്. എന്നാല്‍ ഇതൊന്നും അനക്കാന്‍ പോലുമാവാതെ നില്‍ക്കുകയാണ് ഇപ്പോള്‍. ഇനി തുരുമ്പെടുത്ത് നശിക്കാനാണ് തങ്ങളുടെ യോഗം എന്ന അവസ്ഥിലാണ് ഇവയെല്ലാമുള്ളത്.

വില്‍പ്പന നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും തുരുമ്പെടുത്ത് നശിക്കുകയാണ് റാന്നി പോലീസ് സ്‌റ്റേഷന്‍ വളപ്പിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍. പലവിധ കേസുകളിലും അപകടങ്ങളിലും ഉള്‍പ്പെട്ട ഒട്ടേറെ വാഹനങ്ങള്‍ സ്റ്റേഷന്റെ പരിസരത്തുണ്ട്. ലോറി, ജീപ്പ്, ഓട്ടോറിക്ഷ, കാര്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയാണ് കൂടുതലും. ഇവയില്‍ പലതും വര്‍ഷങ്ങളുടെ പഴക്കുമള്ളവയാണ്. നിയമം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
പോലീസ് സ്‌റ്റേഷന്റെ മുറ്റത്താണ് വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. നേരത്തെ സ്‌റ്റേഷന്‍ സമുച്ചയം നിര്‍മിക്കാനായി സ്ഥലം ഒരുക്കിയപ്പോള്‍ ഇവ നീക്കിയിരുന്നു. സ്‌റ്റേഷന്‍ കെട്ടിടത്തിന് മുകല്‍ ഭാഗത്തും റെസ്റ്റ് ഹൗസിന് സമീപവും വാഹനങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. കാടും പടലും മൂടി കിടക്കുന്ന അവസ്ഥയിലാണ് ഈ വാഹനങ്ങളുള്ളത്. കോടതി വിധി പ്രകാരം ഇതൊക്കെ എന്ന് വില്‍ക്കുമെന്നും വ്യക്തമല്ല.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോടതി വിധി നടപ്പാക്കുന്നത് വൈകിയെന്നാണ് പോലീസുകാര്‍ സൂചിപ്പിക്കുന്നത്. നേരത്തെ പോലീസ് സ്‌റ്റേഷനുകളുടെ പരിസരത്ത് കിടന്ന് നശിക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. എന്നിട്ടും നശിക്കുന്ന വാഹനങ്ങളുടെ എണ്ണം കണക്കാക്കാനോ ലേലം ചെയ്ത് വില്‍ക്കാനോ നടപടിയുണ്ടായിട്ടില്ല.പല വണ്ടികളുടെയും രജിസ്‌ട്രേഷന്‍ കഴിഞ്ഞതിനാല്‍ ഇവ പൊളിച്ച് വില്‍ക്കാനാണ് പലരും ലേലത്തിനെത്തുന്നത്.












Click it and Unblock the Notifications