കർഷകരുടെ ശത്രുക്കളായ പന്നികളെ ക്ഷുദ്രജീവിയാക്കാത്തതിന് പിന്നിൽ ആർഎസ്എസ്: സിപിഎം
പത്തനംതിട്ട: കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യം നിരാകരിക്കുന്നതിന് പിന്നില്‍ ആർ എസ് എസ് എന്നത് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് കേരളം കേന്ദ്രത്തോട് ശുപാർശ ചെയ്തപ്പോൾ അതിനെ എതിർത്തവരാണ് ആർ എസ് എസുകാർ എന്നും കർഷകസംഘത്തിന്റെ കോന്നി ഡി എഫ് ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചതിനെ എതിർക്കുന്നവരാണ് ആർ എസ് എസ്. മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് പന്നി എന്നാണ് ആർ എസ് എസ് പറയുന്നത്. ഹിരണ്യകശിപു ഭൂമിയെ പായായി ചുരുട്ടി കടലിൽ താഴ്ത്തി. ഭൂമിയെ രക്ഷിക്കുന്നതിനായി മഹാവിഷ്ണു വരാഹവതാരമെടുത്ത് കടലിൽ നിന്ന് തേറ്റകൊണ്ട് ഭൂമിയെ കുത്തിയെടുത്തു. ഇതാണ് പ്രചരിപ്പിക്കുന്ന കഥ.

ഭൂമി ചുരുങ്ങുമ്പോൾ സമുദ്രവും ചുരുങ്ങുമെന്ന് ഈ മണ്ടൻമാർ കരുതണം. ഭൂമിയെ രക്ഷപ്പെടുത്തിയപ്പോൾ വരാഹവുമായി ഭൂമിക്ക് സ്‌നേഹമുണ്ടായി. അങ്ങനെയാണ് നരകാസുരൻ ഉണ്ടായത്. ഇത്തരം കഥകൾ അവർ പ്രചരിപ്പിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ സർവേ നടത്തി വനത്തിലെ കടുവ, ആന, പുലി എന്നിവയുടെ കണക്കെടുത്തശേഷം കൂടുതലുണ്ടെങ്കിൽ കൊല്ലുമെന്നും കെ പി ഉദയഭാനു പറഞ്ഞു.
അതുപോലെ സർവ്വേ നടത്തി ഉൾകൊള്ളാനാകുന്ന വന്യ മൃഗങ്ങളുടെ കണക്കെടുത്ത് പെരുകുന്നവയെ കൊല്ലാൻ നിയമം കൊണ്ട് വരികയാണ് വേണ്ടത്.52 വർഷമായ വന നിയമങ്ങൾ മാറ്റിയെഴുതണമെന്നും കേരള കർഷക സംഘം ആവിശ്യപെടുകയാണ്. വന്യജീവിശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ചില്‍ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവംഗം ആർ ബി രാജീവ്കുമാർ അധ്യക്ഷനായി. സി പി ഐ എം ഏരിയ സെക്രട്ടറി ശ്യാംലാൽ, എസ് മനോജ്, കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ ജി വാസുദേവൻ, വൈസ് പ്രസിഡന്റ് ജി അനിൽകുമാർ, ഏരിയ സെക്രട്ടറി ആർ. ഗോവിന്ദ് തുടങ്ങിയവർ സന്നിഹിതരായി.












Click it and Unblock the Notifications