രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളെയും ചേർത്ത് നിർത്തിയ നേതാവ്; സന്ദീപിന്റെ കൊലപാതകത്തിൽ നേതാക്കൾ
പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാക്കള്‍. തിരുവല്ല മെപ്രാലില്‍ വച്ച് ഇന്ന് രാത്രി എട്ട് മണിയോടെയാണ് പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Recommended Video
തിരുവല്ലയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി
സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ വെട്ടിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനകം മരണം സ്ഥിരീകരിക്കുകയായിരുന്നു. സന്ദീപിന്റെ മരണത്തില്‍ സിപിഎം നേതാക്കളുടെ പ്രതികരണങ്ങള്‍...

നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് സംഘപരിവാറിനെന്ന് ഡിവൈഎഫ്‌ഐ ഫേസ്ബുക്കില്‍ കുറിച്ചു. മതമൈത്രി തകര്‍ക്കാനും ആര്‍എസ്എസ് ശ്രമിക്കുന്നു. എത്ര സഖാക്കളെ കൊന്നു തള്ളിയാലും അവസാനത്തെ സഖാവും ചെറുത്തു നില്‍ക്കും. കേരളത്തിന്റെ സമാധാനം തകര്‍ക്കാനും നാടിനെ വിഭജിക്കാനും അനുവദിക്കില്ല. ആര്‍എസ്എസ് അരുംകൊലയില്‍ ശക്തമയി പ്രതിഷേധിക്കുന്നു. അടുത്തകാലം വരെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സഖാവാണ് പി ബി സന്ദീപ്. സഖാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു- ഡിവൈഎഫ്‌ഐ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ആര്‍എസ്എസ് ഭീകരത വീണ്ടും. സിപിഎം തിരുവല്ല പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സഖാവ് സന്ദീപിനെ വെട്ടി കൊലപെടുത്തി പ്രിയ സഖാവിന് ആദരാഞ്ജലികള്‍- ആര്യ എസ് രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പഞ്ചായത്ത് അംഗമെന്ന നിലയില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തിയ സന്ദീപിന്റെ പ്രവര്‍ത്തനം അദ്ദേഹത്തെ നാട്ടുകാരുടെ പ്രിയപ്പെട്ടവനാക്കി. പ്രളയകാലത്തും കൊവിഡ് മഹാമാരിയുടെ കാലത്തുമെല്ലാം നാട്ടിലാകെ നിറഞ്ഞ് നിന്ന മനുഷ്യ സ്‌നേഹിയായ ഒരു ചെറുപ്പക്കാരനെയാണ് ആര്‍ എസ് എസിന്റെ വിധ്വംസക രാഷ്ട്രീയം കൊലക്കത്തിക്ക് ഇരയാക്കിയതെന്ന് കെകെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

തികച്ചും സമാധനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന തലശേരിയില്‍ പരസ്യമായി വര്‍ഗീയവിദ്വേഷം വളര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തിയ പ്രകടനം നാം കണ്ടതാണ്. പരിഷ്‌കൃത, പുരോഗമന സമൂഹത്തിന് ഒരു തരത്തിലും യോജിക്കാത്ത വെറുപ്പിന്റെയും, വിഭജനത്തിന്റെയും, മൃഗീയ രാഷ്ട്രീയത്തിന്റെയും പ്രയോക്താക്കളാണ് ആര്‍ എസ് എസ് എന്ന് ഓരോ അവസരത്തിലും അവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കൊലപാതകികള്‍ക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ജനകീയ പ്രതിഷേധമുയര്‍ത്താനും തിരുത്തല്‍ ശക്തിയാവാനും നമുക്ക് കഴിയണമെന്ന് കെകെ ശൈലജ വ്യക്തമാക്കി.

സിപിഎം തിരുവല്ല പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്ക് പോകുന്നത് പ്രകോപനമുണ്ടാക്കി. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ദീപിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം രക്തസാക്ഷികളാവുകയാണെന്ന് സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു.

നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം. സിപിഐ എമ്മിന്റെ കേഡര്‍മാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണ്ട്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം. അര്‍ എസ് എസ് സൃഷ്ടിക്കുന്ന പ്രകോപനത്തില്‍ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഹീന കൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ മുഴുവനാളുകളും തയ്യാറാവണം. സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളേയും പിടികൂടി അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.