സൗദി അറേബ്യ റൂട്ട് മാറ്റി; ചെങ്കടല്‍ വഴി യാത്ര ഇങ്ങനെ, ആഗോള വ്യാപാര ഹബ്ബ് മാറുന്നു
റിയാദ്: ഇറാന്‍ ഹോര്‍മുസ് പാത അടച്ചതോടെ ബദല്‍ മാര്‍ഗം കണ്ടെത്തി സൗദി അറേബ്യ. ചെങ്കടല്‍ വഴിയാണ് സൗദി അറേബ്യ ഇറക്കുമതിയും കയറ്റുമതിയും വര്‍ധിപ്പിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ തുറമുഖങ്ങളില്‍ നിന്ന് ഒമാന്‍, ഈജിപ്ത്, ജിബൂത്തി, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലേക്ക് ചരക്കുകള്‍ എത്തിക്കാന്‍ തുടങ്ങി. സൗദിയുടെ തുറമുഖ അതോറിറ്റിയായ മവാനി പുതിയ കപ്പല്‍ സര്‍വീസിന് തുടക്കമിട്ടു.
ഹോര്‍മുസ് കടലിടുക്ക് വഴിയായിരുന്നു സൗദി അറേബ്യയുടെ എണ്ണ, വാതക, വളം ചരക്കുകളുടെ കപ്പലില്‍ പോയിരുന്നത്. അമേരിക്ക-ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ ഈ വഴി അടച്ചു. തുടര്‍ന്ന് ഇതുവഴിയുള്ള യാത്ര തടസപ്പെട്ടതോടെയാണ് സൗദി അറേബ്യ ബദല്‍ മാര്‍ഗം തേടിയത്. ചെങ്കടലിലെ യാമ്പു തുറമുഖത്ത് നിന്നാണ് സൗദിയുടെ ചരക്കുകള്‍ ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത്.

സൗദി അറേബ്യയെ ലോജിസ്റ്റിക് കേന്ദ്രമാക്കാന്‍ ആണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ലക്ഷ്യം. 2030 ആകുമ്പോഴേക്കും ആഗോള വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും ഹബ്ബാക്കി സൗദിയെ മാറ്റുകയാണ് ഉദ്ദേശം. ഇതിന്റെ ഭാഗം കൂടിയാണ് പുതിയ കപ്പല്‍ ചരക്കുപാതകള്‍ ഉപയോഗിക്കുന്നത്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന കേന്ദ്രമാകണമെന്ന് സൗദി താല്‍പ്പര്യപ്പെടുന്നുണ്ട്.
യാമ്പുവിലെ കിങ് ഫഹദ് ഇന്‍ഡസ്ട്രിയല്‍ തുറമുഖത്ത് നിന്നാണ് സൗദിയുടെ കപ്പലുകള്‍ പുറപ്പെടുന്നത്. ഈജിപ്തിലെ ഐന്‍ സുഖ്‌ന, ജോര്‍ദാനിലെ അഖബ എന്നീ തുറമുഖങ്ങളിലേക്ക് ഇവിടെ നിന്ന് ചരക്കു കപ്പലുകള്‍ പോകുന്നുണ്ട്. സൗദി അറേബ്യയുടെ ഷിപ്പിങ് കമ്പനികളായ ഫോള്‍ക്ക് മാരിടൈം, സാബിക് എന്നിവയുമായി സഹകരിച്ചാണ് മവാനി ഈ പദ്ധതി നടപ്പാക്കുന്നത്.
ദുബായ് അപ്രധാനമാകുമോ?
പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കും വടക്കന്‍ ആഫ്രിക്കയിലേക്കും സൗദിയില്‍ നിന്ന് കപ്പലില്‍ ചരക്കുകള്‍ പോകുന്നുണ്ട്. ഇറക്കുമതിയും നടക്കുന്നു. ഈജിപ്തിലെ സൂയസ് കനാല്‍ കടന്ന് മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്കും ചരക്കുകള്‍ കൊണ്ടുപോകുന്നത് സൗദിയുടെ പരിഗണനയിലാണ്. കൂടുതലും ഭക്ഷ്യവസ്തുക്കളാണ് ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നത്. കൂടാതെ ക്രൂഡ് ഓയിലും. ചെലവ് ചുരുങ്ങിയ റൂട്ടുകളാണ് ഇപ്പോള്‍ സൗദി പരിശോധിക്കുന്നത്.
ലോജിസ്റ്റിക്‌സ്, ഡിജിറ്റല്‍ സിസ്റ്റം എന്നീ മേഖലയില്‍ സൗദി അറേബ്യ കൂടുതല്‍ നിക്ഷേപം ഇറക്കുന്നുണ്ട്. അതിനിടെ ഹോര്‍മുസ് പാത തുറന്നുകിട്ടിയാല്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ചരക്കുകടത്ത് സജീവമാകും. ഹോര്‍മുസ് അടച്ചതു കാരണമായി ഉണ്ടായ സാമ്പത്തിക ഞെരുക്കം ഇതോടെ തീരുമെന്നാണ് സൗദിയുടെ കണക്കുകൂട്ടല്‍.
സൗദി അറേബ്യ തുറമുഖങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിച്ചാല്‍ ദുബായും ഫുജൈറയും അപ്രധാനമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ജിസിസി രാജ്യങ്ങളിലെ പ്രധാന വ്യാപാര ഹബ്ബാണ് ദുബായ്. വ്യോമ മേഖലയിലും കോടികളുടെ നിക്ഷേപമാണ് സൗദി നടത്തുന്നത്. മേഖലയിലെ രണ്ട് സാമ്പത്തിക ശക്തികളുടെ കിട മല്‍സരം കൂടിയാണ് നടക്കുന്നത്.















Click it and Unblock the Notifications