3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാട് നിയന്ത്രിക്കണമെന്ന് ശുപാര്‍ശ
ദില്ലി: രാജ്യത്ത് കള്ളപ്പണം ഇടപാട് വര്‍ധിച്ചതോടെ ഇത് നിയന്ത്രക്കണമെന്ന് ആവശ്യപ്പെടുന്ന ശുപാര്‍ശ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. റിട്ട.ജസ്റ്റിസ് എം.ബി.ഷായുടെ നേതൃത്വത്തിലുള്ള പാനല്‍ ആണ് കള്ളപ്പണ ഇടപാട് തടയാന്‍ കര്‍ശന നടപടിവേണമെന്ന് ആവശ്യപ്പെടുന്നത്.
റിപ്പോര്‍ട്ടില്‍ മൂന്നു ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാട് നിയന്ത്രിക്കണമെന്നും 15 ലക്ഷത്തിനു മുകളില്‍ കൈവശം സൂക്ഷിക്കല്‍ തുടങ്ങിയവ അനുവദിക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്. അനധികൃത സമ്പാദ്യം കുന്നുകൂട്ടുന്നത് തടയാന്‍ ഇത്തരം വ്യവസ്ഥകള്‍ അത്യാവശ്യമാണെന്ന് സംഘം ചൂണ്ടിക്കാട്ടുന്നു.

അനധികൃത സമ്പാദ്യം പലരും പണമായി തന്നെയാണ് പലരും സൂക്ഷിക്കുന്നതെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ കള്ളപ്പണം സൂക്ഷിക്കുന്നതിന് നിലനില്‍ക്കുന്ന വ്യവസ്ഥകളും പണമിടപാടു സംബന്ധിച്ച കോടതികളുടെ നിരീക്ഷണങ്ങളും റിപ്പോര്‍ട്ടുകളും അന്വേഷണ സംഘം വിലയിരുത്തി.
മൂന്ന് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ അനധികൃതമാക്കണമെന്നും ശിക്ഷ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. 15 ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി കൈവശം വെക്കേണ്ടവര്‍ നികുതി വകുപ്പില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. പ്രത്യേക അന്വേഷണ സംഘം അഞ്ചാമത്തെ റിപ്പോര്‍ട്ടാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.












Click it and Unblock the Notifications