തിരുവനന്തപുരത്ത് 68കാരിക്ക് നേരെ നടുറോഡിൽ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
തിരുവനന്തപുരം: വയോധികയ്ക്ക് നേരെ ആക്രമണം. പട്ടാപ്പകലാണ് 68കാരിക്ക് നേരെ ആക്രമണം നടന്നത്. ശ്രീകാര്യം ഗാന്ധിപുരം റോഡിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന അറുപത്തെട്ടുകാരിയെ നടുറോഡിൽ വെച്ച് പ്രതി കടന്നു പിടിക്കുകയായിരുന്നു.
ഇവരുടെ കഴുത്തിൽ പ്രതി ചുറ്റിപ്പിടിക്കുകയായിരുന്നു, വയോധിക കുതറി മാറാൻ ശ്രമിച്ചെങ്കിലും സമീപത്തെ ഇടവഴിയിൽ ഇവരെ തള്ളിയിടാൻ പ്രതി ശ്രമിക്കുകയായിരുന്നു. ഇവർ നിലവിളിച്ചതോടെ വഴിയിലൂടെ നടന്നുപോകുന്നവരും സമീപവാസികളും ഓടിയെത്തി പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതി വയോധികയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ശ്രീകാര്യം പൊലീസ് ഇയാൾക്കെതിരെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. വട്ടപ്പാറ പള്ളി വിള ചിത്രാ ഭവനിൽ ചിത്രസേനൻ(45) ആണ് അറസ്റ്റിലായത്. ഇയാൾ ശ്രീകാര്യം സ്റ്റേഷനിലെ 2020 ലെ വധശ്രമ കേസിലും പ്രതിയാണ്. ഇയാൾ മുൻപ് മറ്റ് ഇടങ്ങളിലും അതിക്രമങ്ങൾ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇതിന് മുമ്പും തിരുവനന്തപുരത്ത് സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ നടന്നിട്ടുണ്ട്. കുറച്ച് നാൾ മുമ്പ് 49കാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. ഇരുചക്ര വാഹനത്തിൽ മരുന്ന് വാങ്ങാൻ പോയി മടങ്ങുമ്പോഴായിരുന്നു സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടന്നത്.
അതിന് മുമ്പ് മ്യൂസിയം പരിസരത്ത് വെച്ച് സ്ത്രീക്ക് വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 26ന് പുലർച്ചെ നടക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ഈ ആക്രമണം.












Click it and Unblock the Notifications