വലിയതുറ തീരദേശത്തെ ആദ്യ ഐഎഫ്എസുകാരന്‍; ആനന്ദ് ജസ്റ്റിന് ഇത് സ്വപ്‌ന സാക്ഷാത്കാരം
തിരുവനന്തപുരം: ആനന്ദ് ജസ്റ്റിന്‍ ഇപ്പോള്‍ ഏഴാം സ്വര്‍ഗത്തിലാണ്. വലിയതുറ തീരദേശ മേഖലയില്‍ നിന്നുള്ള ആദ്യ ഐഎഫ്എസ്സുകാരനായി മാറിയിരിക്കുകയാണ് ആനന്ദ് ജസ്റ്റിന്‍. വലിയൊരു നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. 117ാം റാങ്കുകാരനാണ് ആനന്ദ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷ പാസായത്. എന്നാല്‍ ഇതിന് പിന്നില്‍ വലിയ പരിശ്രമം കൂടിയുണ്ട്.
എട്ട് വര്‍ഷത്തെ കഠിന പരിശ്രമത്തിനൊടുവില്‍ സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥ സൃഷ്ടിച്ച വെല്ലുവിളികള്‍ മറികടന്നാണ് ആനന്ദ് ജസ്റ്റിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. സ്വന്തം നേട്ടത്തിന് പിന്നില്‍ മൂന്ന് സ്ത്രീകളുടെ ത്യാഗവും, സ്‌നേഹവും കൂടിയുണ്ടെന്ന് ജസ്റ്റിന്‍ പറയുന്നു.അമ്മ, സഹോദരി, ഭാര്യ, അങ്ങനെ മൂന്ന് പേരുടെ കൂടി നേട്ടമാണിതെന്ന് ആനന്ദ് സമ്മതിക്കുന്നു. വളര്‍ന്ന വീടും, കളിസ്ഥലവും അടക്കം കടലെടുത്തിട്ടും തളരാത്ത കരുത്തുമായിട്ടാണ് ആനന്ദ് ഈ നേട്ടം സ്വന്തമാക്കിയത്.

എട്ട് തവണയാണ് മെയിന്‍ പരീക്ഷയെഴുതിയത്. നാല് തവണ അഭിമുഖത്തില്‍ ആനന്ദ് പങ്കെടുത്തിട്ടുണ്ട്. 2018 മുതലാണ് ഫോറസ്റ്റ് സര്‍വീസിന് വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കാന്‍ ആരംഭിച്ചത്. അഭിമുഖത്തില്‍ ഇത്തവണയും ആനന്ദിനെ തേടിയെത്തിയത്. കഠിനമായ ചോദ്യങ്ങളായിരുന്നു. ഏഴോളം ചോദ്യങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു ഉത്തരം നല്‍കിയത്. താന്‍ അഭിമുഖം നടക്കുന്ന മുറിയില്‍ നിന്ന് യാതൊരു പ്രതീക്ഷയുമില്ലാതെയാണ് വന്നതെന്നും ആനന്ദ് പറഞ്ഞു.
വാള്‍ പെയിന്ററാണ് ആനന്ദിന്റെ അച്ഛന്‍ ജസ്റ്റിന്‍. തീരദേശ മേഖല അനുഭവിക്കുന്ന സാമൂഹിക പിന്നോക്കാവസ്ഥ ആനന്ദിന്റെ കുടുംബത്തിന്റെയും ഭാഗമായിരുന്നു. പക്ഷേ പ്രതികൂല സാഹചര്യത്തിലും എല്ലാ തിരിച്ചടികളെയും മറികടന്നാണ് ഈ വിജയം ആനന്ദ് നേടിയെടുത്തത്. അതേസമയം ആനന്ദിന്റെ അമ്മയുടെ സഹോദരന്‍ ബാബുവാണ് കടപ്പുറത്ത് പട്ടം പറത്തി നടന്ന അഞ്ചാം ക്ലാസുകാരനായ ആനന്ദിന് സിവില്‍ സര്‍വീസിനെ കുറിച്ച് പറഞ്ഞുകൊടുക്കുന്നത്.
അതിനൊപ്പം പട്ടം സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപകരും ആനന്ദിന്റെ സ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി. ആനന്ദിന്റെ ഭാര്യ ആന്‍മരിയയും സിവില്‍ സര്‍വീസിന് തയ്യാറെടുക്കുകയാണ്.യൂണിവേഴ്‌സിറ്റി കോളേജിലാണ് ആനന്ദിന്റെ ബിരുദ പഠനം. അതിനൊപ്പം സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയിലും, ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്.
ഫോര്‍ച്യൂണ്‍ അക്കാദമിയില്‍ അധ്യാപകുമായി ആനന്ദ് ജോലി ചെയ്തിട്ടുണ്ട്. പാലാ സ്വദേശിയായ ആന്‍മരിയയെ ഫോര്‍ച്യൂണ്‍ അക്കാദമിയില്‍ നിന്നാണ് ആനന്ദ് പരിചയപ്പെടുന്നത്. പിന്നീട് സമാന ചിന്താഗതിക്കാരായ ഇരുവരും പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. ഭാര്യയെ സിവില്‍ സര്‍വീസുകാരിയാക്കാന്‍ എല്ലാ വിധ പിന്തുണയുമായി ആനന്ദ് ഒപ്പം തന്നെയുണ്ട്. അതേസമയം തീരദേശമേഖലയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ യുപിഎസ്‌സി പരീക്ഷ പാസാകണമെങ്കില്‍ മികച്ച സാമ്പത്തിക പിന്തുണ ഉറപ്പാക്കണമെന്ന് ആനന്ദ് പറഞ്ഞു.












Click it and Unblock the Notifications