കേന്ദ്ര മന്ത്രിയുടെ വീട് ആക്രമണം: പ്രതികളെ പിടി കൂടാത്തതില്‍ ദുരൂഹതയെന്ന് ആരോപണം

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി.മുരളീധരന്റെ തിരുവനന്തപുരത്തെ വീട് ആക്രമിക്കപ്പെട്ട് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിയാത്തതില്‍ ദുരൂഹതയുണ്ടെന്ന് ബി ജെ പി സംസ്ഥാന നേത്വം. സംഭവത്തില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ല . ഒരു കേന്ദ്ര മന്ത്രിയുടെ വീട് തല സ്ഥാനത്ത് ആക്രമിക്കപ്പെട്ടിട്ട് മുഖ്യമന്ത്രിയോ , മന്ത്രിമാരോ ഇതുവരെ സംഭവത്തെ അപലപിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു. കേന്ദ്ര മന്ത്രിയുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ് .അതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അക്രമികളെ സംരക്ഷിക്കുന്ന നടപടികള്‍ അവസാനിപ്പിച്ച് ഉടന്‍ പ്രതികളെ പിടി കൂടണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേന്ദ്ര മന്ത്രി വി മുരളീധരന്റെ വസതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആശങ്ക പ്രകടിപ്പിച്ചു. അക്രമത്തേക്കുറിച്ച് അന്വേഷിക്കണം, കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് വി മുരളീധരന്റെ തിരുവനന്തപുരത്തെ വസതി ആക്രമിക്കപ്പെട്ടത്. ഉള്ളൂരിലുള്ള വാടക വീടിന്റെ മുന്നിലെ ജനല്‍ ചില്ലുകള്‍ കല്ലു ഉപയോഗിച്ച് തകര്‍ത്തു. പ്രദേശത്ത് ചോരപ്പാടുകള്‍ കണ്ടെത്തി. വീടിന് പിന്നിലെ പടിയിലും രക്തക്കറയുണ്ട്. ജനല്‍ ചില്ലു തകര്‍ത്തപ്പോള്‍ അക്രമിയുടെ കൈക്ക് പരിക്കേറ്റതാകാമെന്നാണ് സംശയം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തക്കറ കണ്ടത്. മെഡിക്കല്‍ കൊളജ് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications