തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജിന് മുന്നിലെ വിവാദ ബസ് സ്റ്റോപ്പ് പൊളിച്ചു; പുതിയത് നിര്‍മ്മിക്കും
തിരുവനന്തപുരം: തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജിന് സമീപത്തെ വിവാദ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റി. ബസ് സ്റ്റോപ്പിലെ ബെഞ്ച് മുറിച്ച് മാറ്റി പകരം ഒരാള്‍ക്ക് ഇരിക്കാനാവുനന്ന തരത്തിലേക്ക് മാറ്റിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം ഏറെ ചര്‍ച്ചയായിരുന്നു. സ്ഥലത്തെ റെസിഡന്റ് അസോസിയേഷനാണ് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ഇരിക്കുന്നതിനെ തുടര്‍ന്ന് ബസ് സ്‌റ്റോപ്പിന്റെ ഇരിപ്പിടം മുറിച്ചുമാറ്റിയത്.

എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് അസോസിയേഷന്‍ ബസ് സ്‌റ്റോപ്പ് വീണ്ടും നവീകരിച്ചിരുന്നു. ഇതിന് പിന്നാലെ ബസ് സ്റ്റോപ്പ് പൊളിച്ചുനീക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചിരുന്നു. വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കാന്‍ ഉടന്‍ ഉത്തരവിറക്കും. പകരം ലിംഗ സമത്വ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കും. ഇതിന്റെ നിര്‍മ്മാണം പി പി പി മോഡലിലായിരിക്കുമെന്നും ഡിസൈന്‍ പൂര്‍ത്തിയായെന്നും മേയര്‍ അറിയിച്ചിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ആണ്‍കുട്ടികളുടെ പെണ്‍കുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് പൊളിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതേ തുടര്‍ന്ന് വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നടന്നത്.

അടുത്തിരിക്കാനല്ലേ വിലക്കുളളൂ, മടിയില്‍ ഇരിക്കാലോ എന്ന ക്യാപ്ഷനോട് കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. യുവജന സംഘടനകളടക്കം നിരവധിയാളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തു വരികയും ചെയ്തു. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ എത്തിയതോടെയാണ് ഒരുമിച്ച് ഇരിക്കാന്‍ സാധിച്ചിരുന്ന ബെഞ്ചിന് പകരം ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടമാണ് വിദ്യാര്‍ത്ഥികള്‍ കണ്ടത്.

ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. 'അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ മടീല്‍ ഇരിക്കാലോല്ലെ' എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേസമയം, ഇപ്പോഴത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം റസിഡന്‍സ് അസോസിയേഷന്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്നും ഇത് പൊളിച്ച് പുതിയത് നിര്‍മ്മിക്കുമെന്ന വാക്ക് നഗരസഭ പാലിക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.












Click it and Unblock the Notifications