തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് രോഗി ചാടിപ്പോയി! മദ്യത്തിന് വേണ്ടിയെന്ന് സൂചന
തിരുവനന്തപുരം: ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ചാടിപ്പോയി. ആനാട് സ്വദേശിയായ യുവാവാണ് ആശുപത്രിയില്‍ നിന്ന് മുങ്ങിയത്. ഇയാളെ നാട്ടില്‍വെച്ച് നാട്ടുകാര്‍ പിടികൂടി. മദ്യം ലഭിക്കാതിരുന്നതിനാലാണ് ഇയാള്‍ ചാടിപ്പോയത് എന്നാണ് വിവരം.
ഇന്ന് ഉച്ചയോട് കൂടിയാണ് രോഗി രക്ഷപ്പെട്ടത്. ആശുപത്രിയിലെ വേഷത്തില്‍ തന്നെ കെഎസ്ആര്‍ടിസി ബസില്‍ കയറി ഇയാള്‍ സ്വദേശമായ ആനാട് വരെ എത്തി. തുടര്‍ന്ന് വീട്ടിലേക്ക് പോകുന്ന വഴിയില്‍ വെച്ചാണ് ആളെ തിരിച്ചറിഞ്ഞ് നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇയാള്‍ക്ക് മെയ് 29നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ ചാടിപ്പോയത്. ഇയാള്‍ മദ്യപാനത്തിന് അടിമയാണെന്നാണ് പറയുന്നത്. നേരത്തെയും ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജ്യോത് ഖെസെ മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും വിശദീകരണം തേടി. ആനാട് എത്തിയ രോഗി നിരവധി പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍വയലന്‍സ് ടീം ഇവരെ കണ്ടെത്താനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് അണുനശീകരണം നടത്താന്‍ ഫയര്‍ഫോഴ്‌സ് എത്തും. രോഗിയെ രക്ഷപ്പെടാന്‍ ആരെങ്കിലും സഹായിച്ചെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്ന ്‌പോലീസ് വ്യക്തമാക്കി.
കൊവിഡ് രോഗികളെ പാര്‍പ്പിക്കുന്ന ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. എന്നിട്ടും ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് രോഗി രക്ഷപ്പെട്ടത് ഗുരുതര വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഐസൊലേഷന്‍ വാര്‍ഡിന് സുരക്ഷ ശക്തമാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications