സര്‍ക്കാര്‍ മേഖലയില്‍ ആദ്യ എസ്എംഎ ക്ലിനിക്ക് തിരുവനന്തപുരത്ത്; ഉദ്ഘാടനം തിങ്കളാഴ്ച
തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന എസ്എംഎ ക്ലിനിക് (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) എസ്എടി ആശുപത്രിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച് തളര്‍ച്ചയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി കഷ്ടപ്പെടുന്ന കുട്ടികളുടെ ചികിത്സയ്ക്കായാണ് പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പുതിയ ക്ലിനിക്ക് ആരംഭിക്കുന്നത്. ഈ രോഗം ബാധിച്ച കുട്ടികള്‍ക്കായി സര്‍ക്കാര്‍ മേഖയയില്‍ ചികിത്സാ സംവിധാനമൊരുക്കണമെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശമാണ് എസ് എടി ആശുപത്രിയില്‍ പ്രാവര്‍ത്തികമായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10.30 ന് പീഡിയാട്രിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ അധ്യക്ഷനാകും.

ഇത്തരം രോഗമുള്ള കുട്ടികളുടെ ചികിത്സയ്‌ക്കൊപ്പം കുട്ടികളുടെയും മാതാപിതാക്കളുടെയും ജനിതക പരിശോധനയിലൂടെയും കൗണ്‍സലിംഗിലൂടെയും തുടര്‍ന്ന് ജനിക്കാന്‍ പോകുന്ന കുട്ടിയ്ക്ക് ഈ രോഗം വരുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ക്ലിനിക്ക് ലക്ഷ്യമിടുന്നു. ക്ലിനിക്കില്‍ പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക്‌സ്, ജെനറ്റിക്‌സ്, റെസ്പിറേറ്ററി മെഡിസിന്‍, ഫിസിക്കല്‍ & റീഹാബിലിറ്റേറ്റീവ് മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനവും ലഭ്യമായിരിക്കും.
പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച
തിരുവനന്തപുരം: പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇതുകൂടാതെ വിവിധ ജില്ലകളിലും ജില്ലാതല ഉദ്ഘാടനങ്ങള്‍ നടക്കും. പോളിയോ ബൂത്തുകളില്‍ എത്തി തന്നെ എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കണമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ട് ബൂത്തുകളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും. പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നതിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 24,614 ബൂത്തുകള്‍ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ഇതിനായുള്ള ജീവനക്കാരേയും സന്നദ്ധ പ്രവര്‍ത്തകരേയും അതത് കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച കുട്ടികളാണെങ്കില്‍ നാലാഴ്ച കഴിഞ്ഞ് പോളിയോ തുള്ളിമരുന്ന് നല്‍കിയാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.
രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകളുടെ പ്രവര്‍ത്തനം. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ പ്രവര്‍ത്തിക്കും. പോളിയോ ബൂത്തിലുള്ളവരും കുട്ടികളെ കൊണ്ടുവരുന്നവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന സമയത്ത് എത്താം. കേരളത്തില്‍ രണ്ടായിരത്തിനു ശേഷം പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനാണ് തുള്ളിമരുന്ന് നല്‍കുന്നത്.












Click it and Unblock the Notifications