വ്യാജ ചാരായ വിൽപന കേസ് : പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി കോടതിയിൽ കീഴടങ്ങി
തിരുവനന്തപുരം: വ്യാജ ചാരായ വിൽപന കേസിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി കോടതിയിൽ കീഴടങ്ങി. നെയ്യാറ്റിൻകര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് പ്രതി കീഴടങ്ങിയത്. കരുംകുളം പുതിയതുറ പണ്ടാരപാട്ടം പുരയിടം ജഫീനാ ഹൗസിൽ 42കാരാനായ യോഹന്നാൻ ആണ് കേസിലെ പ്രതി. പൊലീസിനെ പിടികൂടാനെത്തിയ സമയം ഇയാള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.
പൊലീസിന് നേരെ പുതിയതുറ ഫിഷ്ലാന്റിന് സമീപം നാട്ടുകാരടക്കം ചേര്‍ന്ന് അതിക്രമം അഴിച്ച് വിടുകയായിരുന്നു. ആക്രമണത്തിൽ
എസ്.ഐ.സജീർ, വിജയകുമാർ, മധു, ആനന്ദകുമാർ, ഡ്രൈവർ പ്രവീൺകുമാർ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. യോഹന്നാനെതിരെ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിരുന്നത്.

പുതിയതുറ തീരത്ത് വ്യാജ ചാരായം വിറ്റുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇയാള്‍ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പിടികൂടാൻ എത്തിയത്. മഫ്തിയിൽ എത്തിയ പൊലീസുകാർ ഇയാളെ പിടികൂടുകയും പൊലീസ് ജീപ്പിൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഇതിനിടെയാണ് ഒരുവിഭാഗം നാട്ടുകാർ സംഘടിക്കുകയും പൊലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിൽ വാങ്ങി തുടർനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications