ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണതൊഴിലാളിയെ കാണാതായ സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവന്തനപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കളക്ടർക്കും നഗരസഭ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നോട്ടീസിൽ നിർദ്ദേശിക്കുന്നു. കമ്മീഷൻ ഓഫീസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.
തമ്പാനൂർ റെയിൽവെ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ആണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്. ഇന്നലെ രാവിലെ 11 മണിക്കാണ് ഇദ്ദേഹത്തെ കാണാതായത്. ജോയിയെ കണ്ടെത്താൻ ഇന്നലെ മുതൽ തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വരെ തിരച്ചിൽ തുടർന്നിട്ടും ജോയിയെ കണ്ടെത്താൻ കഴിയത്തതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ വീണ്ടും തിരച്ചിൽ തുടർന്നു.

30 അംഗ എൻ ഡി ആർ എഫിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. രക്ഷാ ദൗത്യത്തിന് കഠിന ശ്രമം തുടരുകയാണെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. രക്ഷാ ദൗത്യം എല്ലാ വകുപ്പും ചേർന്ന് നടത്തുന്നുണ്ടെന്നും പത്തനംതിട്ട, കൊല്ലം ജില്ലയിൽ നിന്ന് കൂടുതൽ സ്കൂബ ടീം എത്തുമെന്നും മന്ത്രി ശിവൻ കുട്ടി ഉന്നതതല യോഗത്തിന് ശേഷം പറഞ്ഞു.
രക്ഷാ ദൗത്യത്തിനായി കൊച്ചിയിൽ നിന്ന് നാവിക സംഘവും തിരുവനന്തപുരത്ത് എത്തും. അഞ്ച് മുതൽ 10 വരെ അംഗങ്ങളുള്ള നേവിയുടെ വിദഗ്ധ സംഘമാകും തലസ്ഥാനത്ത് എത്തുക. ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്ത് ഉണ്ട്. പുതിയതായി 2 സ്കൂബെ ഡൈവേഴ്സിനെ ഉപയോഗിച്ച് തിരച്ചൽ നടത്തുന്നുണ്ട്. മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരേ സമയമാണ് തിരച്ചൽ നടക്കുക. രക്ഷാപ്രവർത്തനത്തിൽ പുരോഗതിയുണ്ടാകാതത് സാഹചര്യത്തിൽ സർക്കാർ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നൽകുകയായിരുന്നു.
ക്യാമറ ഘടിപ്പിച്ച റോബോട്ടിക്ക് യന്ത്രം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ശരീരഭാഗങ്ങളാണ് എന്ന് സംശയിക്കുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് സ്കൂബ ടീമിലെ മുങ്ങൽ വിദഗ്ദർ നടത്തിയ തിരച്ചിലിൽ കണ്ടത് ശരീരഭാഗങ്ങൾ അല്ലെന്ന് സ്ഥിരീകരിച്ചു.
ജോയിയെ കാണാതായ തുരങ്ക കനാലിന്റെ ദൂരം 117 മീറ്ററാണ്. ഇതിൽ ആദ്യ 100 മീറ്ററിൽ പരിശോധന കഴിഞ്ഞു. അവശേഷിക്കുന്നത് 58 മീറ്ററാണ്. അവസാന 17 മീറ്ററിൽ പരിശോധന ശക്തമാക്കാനാണ് എൻ ഡി ആർ എഫിന്റെ തീരുമാനം. സ്കൂബ സംഘത്തിന് സുഗമമായ പരിശോധന നടത്താനായി വാട്ടർ ലെവൽ ഉയർത്തും












Click it and Unblock the Notifications