ദീപു കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ; 'സർജിക്കൽ ബ്ലെയ്ഡ് മറ്റൊരു ഷോപ്പിൽ നിന്ന് വരുത്തിക്കൊടുത്തത്'
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പ്രതികളിൽ ഒരാളായ സർജിക്കൽ ഷോപ്പ് ഉടമ സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനാണ് പിടിയിലായത്. മുഖ്യ പ്രതി അമ്പിളിയെ കാറിൽ കൊണ്ടുപോയി വിട്ടത് താനും സുനിലുമാണെന്ന് പ്രദീപ് ചന്ദ്രൻ പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച സർജിക്കൽ ബ്ലെയ്ഡ് മറ്റൊരു ഷോപ്പിൽ നിന്നും വരുത്തിക്കൊടുത്തതാണെന്നും പ്രദീപ് ചന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്.
നെയ്യാറ്റിൻകര ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തമിഴ്നാട് പോലീസിന് കൈമാറി. അതേ സമയം ദീപു കൊലക്കേസിലെ പ്രതി അമ്പിളി എന്ന ഷാജിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി തക്കല ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.

പണം തട്ടാനായി ദീപുവിനെ അപായപ്പെടുത്താൻ സർജിക്കിക്കൽ ഷോപ്പ് ഉടമ സുനിലുമായി ഗൂഡാലോചന നടത്തിയെന്നാണ് അമ്പിളി പോലീസിനോട് പറഞ്ഞത്. ഗൂഡാലോചന വ്യക്തമാകാൻ അമ്പിളിയുടെ സുഹൃത്ത് സുനിലിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. പോലീസ് സ്റ്റേഷനിൽ ഇടയ്ക്കിടെ വന്ന് പരിചയമുള്ള അമ്പിളിയുടെ മൊഴികളിലെ വൈരുധ്യം പോലീസിനെ കുഴപ്പിക്കുന്നുണ്ട്. ചോദ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയാണ് ഇയാൾ ഉത്തരം നൽകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കൊലപാതകം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടിക്കപ്പെടണമെന്ന് അമ്പിളി കണക്കുകൂട്ടിയതായാണ് വിവരം.
കാളിയിക്കാവിള ഒറ്റാമരത്താണ് കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ കഴുത്തറുത്ത നിലയിലായിരുന്നു വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കരമന സ്വദേശിയായ എസ് ദീപുവിനെ കണ്ടെത്തിയത്. ബിസിനസ്സ് ആവശ്യത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു ദീപു. തമിഴ്നാട് പോലീസിന്റെ പട്രോളിംഗിന് ഇടെയാണ് മൃതദേഹം കണ്ടെത്തിയത്.
കാർ വഴിയരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. കാറിന്റെ ഇൻഡിക്കേറ്റർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് കണ്ട പോലീസ് വാഹനത്തിന് സമീപം എത്തുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലാണ് ഇദ്ദേഹത്തെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ ദീപുവിന്റെ കൈവശം 10 ലക്ഷം രൂപയോളം ഉണ്ടായിരുന്നു. ദീപുവിന് മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെ സി ബിയും മറ്റും വാങ്ങുന്നതിനായി രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണ് വീട്ടുകാരുടെ മൊഴി.












Click it and Unblock the Notifications