വെള്ളത്തിൽ മുങ്ങി ടെക്നോപാർക്ക്, വെളളം ഒഴുകിപ്പോകാൻ സംവിധാനമില്ലെന്ന് നാട്ടുകാർ
തിരുവനന്തപുരം : നഗരത്തിൽ കനത്ത വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജന ജീവിതം ദുരിതത്തിൽ. കഴക്കൂട്ടത്തെ ഹോസ്റ്റലുകളിൽ നിന്ന് കുട്ടികളെ കൂട്ടത്തോടെ മാറ്റുന്നു. ടെക്നോ പാർക്കിൽ ജോലി ചെയ്യുന്നവരാണ് കഴക്കൂട്ടത്തെ ഹോസ്റ്റലുകളിൽ താമസിക്കുന്നവരിൽ ഏറെയും. രാവിലെ മുതൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിലാണ് ഹോസ്റ്റൽ അന്തേവാസികളെ പുറത്തേക്കെത്തിക്കുന്നത്. അതേ സമയം നഗരത്തിൽ ഇന്നലെ തുടങ്ങിയ മഴയ്ക്ക് ഇപ്പോഴും ചില പ്രദേശങ്ങളിൽ മാത്രമാണ് ശമനമുള്ളത്.
പലരെയും ബന്ധു വീടുകളിലേക്കും സുഹൃത്തുക്കളുടെ അടുത്തേക്കുമായി മാറ്റിയിട്ടുണ്ട്. പല ജില്ലകളിൽ നിന്നും വന്നവർ അങ്ങേട്ടേക്കും യാത്ര തിരിച്ചിട്ടുണ്ട്. അതേ സമയം കഴക്കൂട്ടത്ത് റോഡുകളിൽ നിറയുന്ന വെള്ളം പുറത്തു പോകാനുള്ള സംവിധാനം ഇല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വെള്ളം കടന്നു പോകാൻ ചെറിയൊരു ഹോൾ മാത്രമാണ് നിലവിലുള്ളതെന്നും അവർ പ്രതികരിച്ചു.

കഴക്കൂട്ടത്ത് വെള്ളക്കെട്ട് രൂക്ഷമായ സ്ഥലത്തെ ഹോസ്റ്റലുകൾ മാത്രമല്ല വീടുകളും ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മുട്ടോളം വെള്ളമെത്തിയ സാഹചര്യത്തിൽ കുട്ടികളെയും ഉയരം കുറഞ്ഞവരെയും എടുത്താണ് പുറത്തേക്കെത്തിക്കുന്നത്. മോട്ടോർ ബൈക്കുകളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ പകുതിയും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.
കഴക്കൂട്ടത്ത് ഒരു വശത്ത് ഓടയാണ്. മറു വശത്താണ് ഹോസ്റ്റൽ അന്തേവാസികളെയും കുട്ടികളുമുൾപ്പെടെയുള്ളവരെ മാറ്റിയിരിക്കുന്നത്. യുവാക്കൾ അടക്കമുള്ളവർ കയ്യിൽക്കിട്ടിയ സാധനങ്ങൾ മാത്രമെടുത്താണ് പുറത്തേക്കെത്തിയിരിക്കുന്നത്. അതു കൊണ്ട് തന്നെ അവരുടെ അവശ്യ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും ഉൾപ്പെടെയുള്ളവ മുറികളിൽത്തന്നെ വച്ചിരിക്കുകയാണ് എന്ന ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം നഗരത്തിൽ ഈയടുത്തൊന്നും ഇത്രയും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായിട്ടില്ല. നഗരത്തിൽ ക്യാംപുകൾ ആരംഭിച്ച് സുരക്ഷിതരല്ലാത്ത സ്ഥലത്ത് താമസിക്കുന്നവരെ അങ്ങോട്ട് മാറ്റുന്ന നടപടികൾ പുരോഗമിച്ചു വരികയാണ്. അതേ സമയം മഴക്കെടുതികൾ മൂലം ആളുകൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങളും പുറത്തു വരുന്നുണ്ട്. മതിൽ ഇടിഞ്ഞ് വീണ് പോത്തൻകോട് സ്വദേശി അരുണിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ അരുണിനെ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. നെയ്യാറ്റിൻകരയിലെ 185 മില്ലി മീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ലഭിച്ച ഏറ്റവും വലിയ മഴയായി രേഖപ്പെടുത്തിയത്. വർക്കലയിൽ 160 മില്ലി മീറ്റർ, പിരപ്പൻകോട് 122 മില്ലി മീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ച കണക്കുകൾ.












Click it and Unblock the Notifications