നേമത്ത് കെ മുരളീധരനെ തടഞ്ഞ് ബിജെപിക്കാർ, കോൺഗ്രസ്-ബിജെപി സംഘർഷം, മൂന്ന് പേർക്ക് പരിക്ക്
തിരുവനന്തപുരം: നേമത്ത് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ വാഹനം തടഞ്ഞു. ബിജെപി പ്രവർത്തകരാണ് വാഹനം തടഞ്ഞത്. തുടർന്ന് സ്ഥലത്ത് ബിജെപിയുടേയും കോൺഗ്രസിന്റെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. നേമം സ്റ്റുഡിയോ റോഡിലാണ് സംഭവം. മുരളീധരന്റെ ഡ്രൈവർ അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീറിന് തലയ്ക്ക് ആണ് പരിക്കേറ്റിരിക്കുന്നത്. ഷജീറിനെ ശാന്തിവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരഞ്ഞെടുപ്പിന്റെ തലേന്ന് നേമത്ത് വോട്ടർമാർക്ക് പണം നൽകാനെത്തിയെന്ന് ആരോപിച്ചാണ് കെ മുരളിധരനെ ബിജെപിക്കാർ തടഞ്ഞത്. ബിജെപി പ്രവർത്തകരുമായി കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയതോടെ സ്ഥലത്ത് പോലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. സംഘർഷത്തെ തുടർന്ന് കൂടുതൽ പോലീസ് സംഘത്തെയും നേമത്ത് വിന്യസിച്ചിട്ടുണ്ട്.

ബിജെപി അക്രമത്തിനെതിരെ സ്ഥലത്ത് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ നേമം പോലീസ് സ്റ്റേഷനിലക്ക് മാർച്ച് നടത്തി. സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ രംഗത്ത് എത്തിയിട്ടുണ്ട്. പരാജയ ഭീതിയെ തുടർന്നാണ് ബിജെപി-ആർഎസ്എസ് സംഘം തന്റെ വാഹനം ആക്രമിച്ചത് എന്നും ഇതിന് നേമത്തെ പ്രബുദ്ധരായ വോട്ടർമാർ നാളെ ബാലറ്റിലൂടെ ശക്തമായി പ്രതികരിക്കും എന്നും കെ മുരളീധരൻ വ്യക്തമാക്കി.
കെ മുരളീധരന്റെ പ്രതികരണം: '' പരാജയഭീതി പൂണ്ട ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ എന്റെ വാഹനം ആക്രമിച്ചു. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് അക്രമമുണ്ടായത്. ഇതിനുള്ള മറുപടി നേമത്തെ ജനങ്ങൾ തരും. അക്രമത്തെ തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷെജീറിന് പരിക്കേറ്റു. കേരളത്തിൽ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ അപൂർവ്വമായ സംഭവമാണ് സ്ഥാനാർത്ഥിയെ ആക്രമിക്കുന്നത്. ഇതിനെതിരെ നേമത്തെ പ്രബുദ്ധരായ വോട്ടർമാർ നാളെ ബാലറ്റിലൂടെ ശക്തമായി പ്രതികരിക്കും. നേമത്തെ ഗുജറാത്താക്കാൻ ഒരു സംഘപരിവാർ ശക്തിയെയും അനുവദിക്കില്ല. വർഗീയതക്കെതിരെ ഓരോ നിമിഷവും പോരാടുക തന്നെ ചെയ്യും''.












Click it and Unblock the Notifications