കത്ത് തയ്യാറാക്കിയത് താനല്ലെന്ന് ആര്യ രാജേന്ദ്രന്‍; മേയറുടെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് വലിയ വിവാദത്തിലായിരിക്കുകയാണ്. താത്കാലിക തസ്തികകളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ ശുപാര്‍ശ ചെയ്യാനാവശ്യപ്പെട്ടാണ് പാര്‍ട്ടി സെക്രട്ടി ആനാവൂര്‍ നാഗപ്പന് ആര്യ കത്ത് അയച്ചതെന്നാണ് ആരോപണം. ഇതിന് പിന്നാലെ പ്രതിപക്ഷം ഉള്‍പ്പെടെ ഉള്ളവര്‍ ആര്യ രാജേന്ദ്രനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് ആര്യ. പാര്‍ട്ടിക്കാണ് ആര്യ വിശദീകരണം നല്‍കിയിരിക്കുന്നത്. 'പ്രചരിക്കുന്ന കത്ത് ഞാന്‍ തയ്യാറാക്കിയതല്ല. നിയമനടപടി സ്വീകരിക്കും' എന്നാണ് ആര്യാ രാജേന്ദ്രന്‍ വിശദീകരിക്കുന്നത്.

എങ്ങനെ ഇത്തരത്തിലൊരു കത്ത് തയ്യാറാക്കി എന്നതുസംബന്ധിച്ച് അന്വേഷണം വേണമെന്നും നിയമനടപടി സ്വീകരിക്കുമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കിയതിനു ശേഷം മേയര്‍ ആര്യാ രാജേന്ദ്രന്‍ മാധ്യമങ്ങളുമായി സംസാരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആകും പരാതി നല്‍കുക. വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റര്‍ പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി.

ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കാണ് കരാർ നിയമനം. ഈ കരാർ നിയമനത്തിലേക്കാണ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് ചോദിച്ച് സി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രന്റെ 'ഔദ്യോഗിക' കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് വാട്സാപ്പ് ഗ്രൂപ്പ് വഴി പുറത്താവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

സഖാവേ, തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് ദിവസവേതാനടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് തീരുമാനിച്ചിട്ടുള്ള വിവരം അങ്ങയെ അറിയിക്കുന്നു. ഓൺലൈനായിട്ടാണ് അപേക്ഷ സ്വീകരിക്കുന്നത്. തസ്തികകളുടെ പേര്, വേക്കൻസി എന്നിവയുടെ ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു ഉദ്യോഗാർത്ഥികളുടെ മുൻഗണനാ ലിസ്റ്റ് ലബ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്ന എന്നാണ് കത്തിൽ പറയുന്നത്.

അതേസമയം, മേയര്‍ ആര്യ രാജേന്ദ്രനെതിരെ മുന്‍ നഗരസഭ കൗണ്‍സിലര്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. കോര്‍പറേഷനില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നടന്ന താല്‍കാലിക നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഎസ് ശ്രീകുമാര്‍ പരാതി നല്‍കിയത്.
അതേസമയം, ഇതിന് പിന്നാലെ ഇതിനിടെ, എസ്.എ.ടി. ആശുപത്രിയില്‍ താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ പാര്‍ട്ടിയുടെ പട്ടിക ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനില്‍ ആനാവൂര്‍ നാഗപ്പന് അയച്ചതെന്ന പേരിലുള്ള കത്തും പുറത്തുവന്നിരുന്നു. ഈ കത്ത് താന്‍ നല്‍കിയതല്ലെന്നാണ് അനിലിന്റേയും വിശദീകരണം. സംഭവത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടില്ലെന്നും അനില്‍ വ്യക്തമാക്കി.












Click it and Unblock the Notifications