സൗജന്യ കിറ്റ് വാങ്ങാനെത്തിയ ജഡ്ജിയെ തിരിച്ചയച്ചു, സ്റ്റോക്കില്ലെന്ന് നുണ, കിട്ടിയത് എട്ടിന്റെ പണി!
തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് ജില്ലാ ജഡ്ജിക്ക് സൗജന്യ കിറ്റ് നിഷേധിച്ച റേഷന്‍ കട ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. കരിക്കകത്താണ് സംഭവം. കാസര്‍കോഡ് ജില്ലാ ജഡ്ജി എസ്എച്ച് പഞ്ചാപകേശനാണ് സൗജന്യ കിറ്റ് നിഷേധിക്കപ്പെട്ടത്.
കരിക്കകത്തെ 223 നമ്പര്‍ റേഷന്‍ കടയിലാണ് ജഡ്ജിയും ഭാര്യയും സൗജന്യ കിറ്റ് വാങ്ങാന്‍ ചെന്നത്. എന്നാല്‍ ഇവര്‍ക്ക് കിറ്റ് ലഭിച്ചിരുന്നില്ല. സ്റ്റോക്ക് ഇല്ല എന്ന് നുണ പറഞ്ഞ് റേഷന്‍ കട ഉടമ ഇവരെ തിരിച്ച് അയക്കുകയായിരുന്നു.

ഇതോടെ കിറ്റില്ലാതെ ജഡ്ജിയും ഭാര്യയും വീട്ടില്‍ തിരിച്ചെത്തി. റേഷന്‍ കടയില്‍ എത്ര കിറ്റ് സ്‌റ്റോക്ക് ഉണ്ടെന്ന് ഇ പോസ് കേരള സൈറ്റില്‍ പരിശോധിച്ചാല്‍ അറിയാം. അതത് റേഷന്‍ കടകളുടെ ലൈസന്‍സ് നമ്പര്‍ നല്‍കിയാല്‍ മാത്രം മതി. ഇത്തരത്തില്‍ ജഡ്ജി പരിശോധിച്ചപ്പോഴാണ് റേഷന്‍ കടയുടമ പറഞ്ഞത് നുണയാണ് എന്ന് മനസ്സിലായത്. 234 കിറ്റുകളാണ് റേഷന്‍ കടയില്‍ ബാക്കി ഉളളതെന്ന് പരിശോധനയില്‍ കണ്ടെത്തി.
തുടര്‍ന്ന് അദ്ദേഹം സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു. സിവില്‍ സപ്ലൈസ് ഡയറക്ടറേയും ഫോണില്‍ വിളിച്ച് പരാതി അറിയിച്ചു. ഇതോടെ താലൂക്ക് സപ്ലൈ ഓഫീസര്‍ സ്ഥലത്ത് എത്തി റേഷന്‍ കട പരിശോധിച്ചു. ദ്രുതഗതിയില്‍ നടപടിയുമെടുത്തു. ഡി സുകുമാരന്‍ ലൈസന്‍സിയായ റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി കട പൂട്ടിച്ചു. വിവാദമായതോടെ റേഷന്‍ കട ഉടമ ജഡ്ജിയുടെ വീട്ടില്‍ സര്‍ക്കാരിന്റെ കിറ്റ് എത്തിച്ച് നല്‍കി.
വെള്ള കാര്‍ഡുകാര്‍ക്കുളള സൗജന്യ കിറ്റ് വിതരണം സര്‍ക്കാര്‍ ഇന്നലെയാണ് ആരംഭിച്ചത്. കാര്‍ഡിലെ അവസാന അക്കം അനുസരിച്ചാണ് വിതരണം നടത്തുന്നത്. 20ാം തിയ്യതി വരെയാണ് ഇത്തരത്തില്‍ കിറ്റ് വിതരണം. അതിന് ശേഷം പിഎംജികെവൈ പ്രകാരമുളള റേഷന്‍ വിതരണം ആരംഭിക്കും.












Click it and Unblock the Notifications