വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ മണിക്കൂറുകളോളം വൈകി;തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ രോഗി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വൈകിയതിന് തുടർന്ന് വൃക്ക രോഗി മരിച്ചു. വൃക്ക തകരാറിലായ രോഗിക്ക് മസ്തിഷ്‌കമരണം സംഭവിച്ച ആളിൽനിന്നെടുത്ത വൃക്കയുമായി എറണാകുളത്ത് നിന്ന് കൃത്യസമയത്ത് എത്തിയെങ്കിലും ശസ്ത്രക്രിയ മണിക്കൂറുകൾ വൈകിയാണ് നടന്നത്. ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി ഇന്ന് മരിച്ചു.
എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്.

ശനിയാഴ്ച ആയിരുന്നു ഇദ്ദേഹത്തിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ തന്നെ ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജിനും മറ്റൊരു വൃക്കയും പാൻക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരൾ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ അനുയോജ്യമായ രോഗി ഇല്ലാത്തതിനാൽ വൃക്ക തിരുവന്തപുരം മെഡിക്കൽ കോളേജിന് അനുവദിച്ചു.
തുടർന്ന് ഞായറാഴ്ച രാവിലെ നാലുമണിക്ക് തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിൽ നിന്ന് രണ്ട് ഡോക്ടർമാരെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് സ്വകാര്യ ആംബുലൻസിൽ അയച്ചു. രാവിലെ 10മണിക്ക് ഇവർ രാജഗിരി ആശുപത്രിയിൽ എത്തി. മസ്തികിഷ്‌ക മരണം സംഭവിച്ച ആളിൽ നിന്ന് അവയവം എടുക്കുന്ന ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.45ന് പൂർത്തിയാക്കി വൈകിട്ട് മൂന്നുമണിയോടെ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.
അടിയന്തര സാഹചര്യം പരിഗണിച്ച് രാജഗിരിമുതൽ തിരുവനന്തപുരം വരെ ട്രാഫിക് സിഗ്നലുകൾ അണച്ച് ആംബുലൻസിന് വേണ്ടി പോലീസ് ഗ്രീൻചാനൽ ഒരുക്കുനൽകുകയും ചെയ്തിരുന്നു. മൂന്ന് മണിക്കൂർകൊണ്ട് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലൻസ് തിരുവനന്തപുരം എത്തി.
എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞില്ല. ഓപ്പറേഷൻ നടക്കുന്ന വിവരം ആശുപത്രി അധികൃതർക്ക് അറിയാമായിരുന്നിട്ടും സെക്യൂരിറ്റിക്ക് അലർട്ട് നൽകിയിരുന്നില്ല. അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണം എന്ന കാര്യത്തിലും ആശയക്കുഴപ്പം ഉണ്ടായത് ശസ്ത്രക്രിയ വൈകുന്നതിന് കാരണമായി.
മണിക്കൂറുകൾ കഴിഞ്ഞ് രാത്രി 9.30നാണ് ശസ്ത്രക്രിയ തുടങ്ങിയത്. എന്നാൽ
കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണം എന്നും ഇതേ തുടർന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാൻ ഇടയായതെന്നും ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ അവയവവുമായി കളമശ്ശേരിയിൽ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നു എങ്കിൽ ഈ കാലതാമസം ഒഴിവാക്കാമായിരുന്നു.
നെഫ്രോളജി,യൂറോളജി വിഭാഗങ്ങൾ സംയുക്തമായി നടത്തണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതിൽ വീഴ്ച സംഭവിച്ചതായാണ് വിമർളനം ഉയർന്നിട്ടുള്ളത്. ഒരാളിൽ നിന്ന് അവയം എടുത്തുമാറ്റിയാൽ എത്രയും പെട്ടെന്ന് അത് സ്വീകർത്താവിൽ വെച്ച് പിടിപ്പിക്കണം. എന്നാൽ ഇവിടെ നാല് മണിക്കൂർ വൈകിയാണ് ശസ്ത്രക്രിയ നടന്നിരിക്കുന്നത്.
അവയവമാറ്റം വൈകിയതില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിഷയം അന്വേഷിക്കും.












Click it and Unblock the Notifications